സര്‍ക്കാര്‍ പണമിടപാടുകള്‍ക്കും ഇനി മൊബൈൽ ഫോൺ മതി

യുപിഐ മാര്‍ഗത്തിലൂടെ പണം അടയ്ക്കാന്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ക്യു ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും
സര്‍ക്കാര്‍ പണമിടപാടുകള്‍ക്കും ഇനി മൊബൈൽ ഫോൺ മതി
Updated on

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കാന്‍ ഇനി മൊബൈല്‍ ഫോണ്‍ മതി. യുപിഐ പണമിടപാടുകള്‍ അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കി. ഇതോടെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഫോൺ വഴി പണം അടയ്ക്കാന്‍ സാധിക്കുന്ന സംവിധാനം പ്രാബല്യത്തില്‍ വരും.

യുപിഐ മാര്‍ഗത്തിലൂടെ പണം അടയ്ക്കാന്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ക്യു ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും. സ്വീകരിക്കുന്ന പണം ട്രഷറിയില്‍ എത്തിക്കാനുള്ള സാങ്കേതിക ക്രമീകരണം അതത് വകുപ്പുകളും ധനവകുപ്പും യോജിച്ച് ഒരുക്കും.

ബെവ്‌റിജസ് കോർപ്പറേഷൻ മദ്യവിൽപ്പന ശാലകളിൽ യുപിഐ സംവിധാനം നേരത്തേ ഒരുക്കിയിരുന്നു. ദീർഘദൂര കെഎസ്ആർടിസി ബസുകളിൽ ക്യുആർ കോഡ് വഴി പണം സ്വീകരിച്ച് ടിക്കറ്റ് നൽകുന്നത് സജീവ പരിഗണനയിലാണ്.

ഇ- രസീതുകള്‍ ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങളിലോ ട്രഷറിയിലോ എത്തിയാണ് ഇതുവരെ പൊതുജനങ്ങള്‍ സര്‍ക്കാര്‍ പണമിടപാടുകള്‍ നടത്തിയിരുന്നത്. സാങ്കേതികമായി ഏറെ പുരോഗമിച്ചിട്ടും പഴയ രീതി തുടരുന്നത് ജനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം ധനവകുപ്പ് യുപിഐ വഴിയുള്ള പണ ഇടപാടടിന് അനുമതി നല്‍കിയിരിക്കുന്നത്.

രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി കൂടുതല്‍ പ്രചാരത്തിലാക്കുന്നതിന്‍റെ ഭാഗമായി ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ സംവിധാനങ്ങളിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ മാറിയതോടെ ഇത്തരം പണമിടപാടുകള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യം സജീവമായി പരിഗണിക്കണമെന്ന് ധന വകുപ്പിനോട് ഈ മാസമാദ്യം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ സാങ്കേതിക തടസങ്ങള്‍ മൂലം നീണ്ടുപോകുകയായിരുന്നു.

Trending

No stories found.

Latest News

No stories found.