ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപയും വീടും; കുടുംബത്തെ സംരക്ഷിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി

48 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്
government will protect joys family
ജോയിയും ജോയിയുടെ അമ്മയും
Updated on

തിരുവനന്തപുരം: മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചൻ തോട്ടിൽ വീണ് മരിച്ച ജോയിയുടെ കുടുംബത്തിന് സംരക്ഷണം ഒരുക്കുമെന്ന് ഉറപ്പു നൽകി സർക്കാർ. വീട് നിർമ്മിച്ച് നൽകും, വഴി നന്നാക്കി നൽകും, ജോയിയുടെ സഹോദരന്‍റെ മകന് ജോലി നൽകുമെന്നും പാറശാല എംഎൽഎ സി.കെ. ഹരീന്ദ്രനും മേയർ ആര്യാ രാജേന്ദ്രനും ഇക്കാര്യം കുടുംബത്തെ അറിയിച്ചു.

ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപധനസഹായം നല്‍കുന്നതോടൊപ്പം പൊളിഞ്ഞ് കിടക്കുന്ന വീട്ടിലേക്കുള്ള വഴിയും ശരിയാക്കും. ഇതുസംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.

48 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ ജീർണിച്ച നിലയിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല.കൊച്ചിയിൽ നിന്നുള്ള നേവി സംഘവും ഇന്ന് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

Trending

No stories found.

Latest News

No stories found.