റിപ്പബ്ലിക് ദിന വിരുന്നൊരുക്കാന്‍ രാജ്ഭവന് 20 ലക്ഷം അനുവദിച്ചു

സർക്കാരുമായും മുഖ്യമന്ത്രിയുമായും ഗവർണർ കൊമ്പുകോർക്കുന്നതിനിടെയാണു വിരുന്നിനു പണം അനുവദിച്ചതെന്നതു ശ്രദ്ധേയം
Representative image
Representative image
Updated on

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. സാമ്പത്തിക പ്രതിസന്ധിക്കിടെ ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാണു തുക അനുവദിച്ചത്. നാളെ വൈകിട്ടാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്‌ഭവനിൽ വിരുന്ന് ഒരുക്കിയിട്ടുള്ളത്. "അറ്റ് ഹോം' എന്ന പേരിലാണു വിരുന്ന് സംഘടിപ്പിക്കുന്നത്. പരിപാടിക്കു തുക അനുവദിക്കണമെന്ന് രാജ്ഭവന്‍ നേരത്തേ സർക്കാരിനു കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അധിക ഫണ്ട് അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കിയത്.

സർക്കാരുമായും മുഖ്യമന്ത്രിയുമായും ഗവർണർ കൊമ്പുകോർക്കുന്നതിനിടെയാണു വിരുന്നിനു പണം അനുവദിച്ചതെന്നതു ശ്രദ്ധേയം. ഇന്ന് നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് ആരംഭിക്കുക.

നേരത്തേ, രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ്കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ അടുത്തടുത്തിരിന്നിട്ടും ഗവർണറും മുഖ്യമന്ത്രിയും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും റിപ്പബ്ലിക് ദിന വിരുന്നിൽ പങ്കെടുക്കാനാണ് സാധ്യത.

Trending

No stories found.

Latest News

No stories found.