ശമ്പളം ഇന്നെത്തുമെന്നു സർക്കാർ; ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്

സാങ്കേതിക തടസം പരിഹരിച്ച് ഇന്ന് ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലേക്കെത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്
ശമ്പളം ഇന്നെത്തുമെന്നു സർക്കാർ; ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്
Updated on

#സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശമ്പളം വൈകുന്നതിനെതിരെ സർക്കാർ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. ദിവസങ്ങൾ പിന്നിട്ടിട്ടും അക്കൗണ്ടിൽ ശമ്പളം എത്താത്തതിൽ പ്രതിഷേധിച്ച് ഇന്നു മുതൽ സെക്രട്ടേറിയറ്റ് സബ് ട്രഷറി ഗേറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങാനാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിലിന്‍റെ തീരുമാനം. സാങ്കേതിക തടസം പരിഹരിച്ച് ഇന്ന് ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലേക്കെത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. എന്നാൽ, അഞ്ചര ലക്ഷത്തോളം വരുന്ന ജീവനക്കാർക്ക് ഒന്നിച്ച് ഇന്ന് ശമ്പളം എത്തിയേക്കില്ല.

ജീവനക്കാരുടെ ഇടിഎസ്ബി (എംപ്ലോയീ ട്രഷറി സേവിങ്സ് ബാങ്ക്) അക്കൗണ്ടിൽ ശമ്പളം നിക്ഷേപിച്ചെങ്കിലും ഇതിൽനിന്നു പിൻവലിക്കാനോ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാനോ കഴിയാത്ത തരത്തിൽ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. ട്രഷറിയിൽനിന്നു ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറുന്നതിൽ സാങ്കേതിക തടസമുണ്ടായതിനാലാണു വിതരണം വൈകുന്നതെന്നു സർക്കാർ പറയുന്നു. എന്നാൽ, തടസമെന്താണെന്നതിൽ വ്യക്തതയില്ല. വെള്ളിയാഴ്ച ട്രഷറിയിൽനിന്ന് പെൻഷൻകാരുടെ പണം അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു മാറിയതിന് ഒരു തടസവും നേരിട്ടിരുന്നില്ലെന്നും ജീവനക്കാർ പറയുന്നു.

ബാങ്ക് വഴിയും ട്രഷറി വഴിയും പെൻഷൻ കൈപ്പറ്റുന്നതിന് തടസമില്ല. ട്രഷറിയിലെ സ്ഥിരനിക്ഷേപത്തിന്‍റെ പലിശയും നേരിട്ടെത്തി പിൻവലിക്കാം. എന്നാൽ, ഓൺലൈനായി ബാങ്കിലേക്കു പണം മാറ്റുന്നതിനാണ് തടസം നേരിടുന്നത്. നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്‍ററി(എൻഐസി)ന്‍റെ സഹായത്തോടെ പ്രശ്നം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ഇന്ന് പ്രശ്നം പരിഹരിക്കുമെന്നും ധന വകുപ്പ് അധികൃതര്‍ അറിയിച്ചു. ട്രഷറിയിൽ നേരിട്ടെത്തി പെൻഷനും ശമ്പളവും വാങ്ങുന്നവർക്ക് പണം ലഭിക്കും. ഓൺലൈൻ ഇടപാടുകളിൽ മാത്രമാണ് തടസമെന്നും ധനവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.