'ഇരുചക്രവാഹനങ്ങളിലെ കുടുംബയാത്ര'; പിഴ ഒഴിവാക്കുന്നത് പരിഗണനയിൽ; കേന്ദ്രത്തിന് കത്തു നൽകും

രാജ്യമൊട്ടാകെ ഒരു നിയമമായതിനാൽ തന്നെ സംസ്ഥാനത്തിന് മാത്രമായി ഇളവ് വരുത്താൻ സാധിക്കില്ല
'ഇരുചക്രവാഹനങ്ങളിലെ കുടുംബയാത്ര'; പിഴ ഒഴിവാക്കുന്നത് പരിഗണനയിൽ; കേന്ദ്രത്തിന് കത്തു നൽകും
Updated on

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളെ കൊണ്ടുപോവുന്നതിന് പിഴ ഇടാക്കുന്ന നടപടി പുനഃപരിശോധിക്കാനൊരുങ്ങി സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഗതാഗതവകുപ്പ് കേന്ദ്രസർക്കാരിന് കത്തു നൽകും. കേന്ദ്ര മോട്ടോർവാഹന നിയമങ്ങളിൽ ഭേദഗതിയോ ഇളവോ ആവശ്യപ്പെട്ടുകൊണ്ടാവും കത്ത്.

ആവശ്യം നിയമപരമായി നിലനിൽക്കുമോ എന്ന കാര്യം പരിശോധിക്കാൻ മോട്ടോർവാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മാതാപിതാക്കൾക്കൊപ്പം 1 കുട്ടി, അച്ഛനോ അമ്മക്കോ ഒപ്പം 2 കുട്ടികൾ എന്ന നിർദ്ദേശമാവും സംസ്ഥാനം മുന്നോട്ടു വയ്ക്കുക. കുട്ടികൾക്ക് കൃത്യമായ പ്രായപരിധിയും നിശ്ചയിക്കും.

രാജ്യമൊട്ടാകെ ഒരു നിയമമായതിനാൽ തന്നെ സംസ്ഥാനത്തിന് മാത്രമായി ഇളവ് വരുത്താൻ സാധിക്കില്ല. ഇതിന്‍റെ നിയമ സാധുതകൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവൂ.

കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്‍റെ നിയമമനുസരിച്ച് ഇരുചക്രവാഹനങ്ങളിൽ 2 പേർ മാത്രമേ സഞ്ചരിക്കാവൂ. എന്നാൽ നിയമലംഘകരെ പിടികൂടാൻ എഐ ക്യാമറകൾ സ്ഥാപിച്ചതോടെ ഇരുചക്രവാഹനമുള്ള ദമ്പതികൾ കുട്ടികളെ ഒഴിവാക്കേണ്ടിവരുന്നത് സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഇതോടെയാണ് നിയമസാധുത തേടാൻ സംസ്ഥാനം തീരുമാനിച്ചത്.

Trending

No stories found.

Latest News

No stories found.