കെഎസ്ആർടിസി സിഎംഡിയുടെ രാജി ആവശ്യം സർക്കാർ നിരസിച്ചു

പ്രശ്നങ്ങള്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ ധരിപ്പിച്ചു, രാജി വേണ്ടെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും
ബിജു പ്രഭാകർ
ബിജു പ്രഭാകർ
Updated on

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്ത് നിന്ന് ഒഴിയാനുള്ള ബിജു പ്രഭാകറിന്‍റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് സര്ക്കാര്‍ നിലപാട് അറിയിച്ചത്. ധനവകുപ്പിന്‍റെ കെടുകാര്യസ്ഥത കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് സിഎംഡി ഉത്തരവാദിയല്ലെന്നാണു ഗതാഗതമന്ത്രിയുടെ നിലപാട്.

ഇതിനിടെ ബിജു പ്രഭാകര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ചീഫ് സെക്രട്ടറി ഡോ. കെ.വേണു മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. ഓണം അടുത്തതോടെ ജീവനക്കാര്‍ക്ക് ശമ്പളവും അലവന്‍സും നല്‍കാനായില്ലെങ്കില്‍, സിഎംഡി കോടതിയില്‍ അതിനും മറുപടി പറയേണ്ടി വരുമെന്നും അതോടൊപ്പം ഭരണപക്ഷ യൂനിയനായ സിഐടിയു ഉള്‍പ്പെടെ സിഎംഡിയോട് നിസ്സഹകരിക്കുകയാണെന്നും ഉള്‍പ്പെടെ സിഎംഡി ഉന്നയിച്ച മുഴുവന്‍ കാര്യങ്ങളും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ ബോധിപ്പിച്ചു.

എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ സ്ഥാനത്തുനിന്ന് ബിജു പ്രഭാകര്‍ ഒഴിയേണ്ടതില്ലെന്നാണ് വകുപ്പ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. സിഎംഡി രാജിവെക്കേണ്ടെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടേയും നിലപാടെന്നാണ് സൂചന.

ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി ബോധ്യപ്പെടുത്തിയാല്‍ മതിയെന്നും മന്ത്രി ആന്‍റണി രാജു സിഎംഡിയെ അറിയിച്ചിട്ടുണ്ട്. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം വിതരണം ചെയ്യണമെന്ന നേരത്തെ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി തൊഴിലാളി യൂനിയനുകള്‍ക്ക് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ഈ ഉറപ്പ് പാലിക്കാന്‍ ധനവകുപ്പ് സഹായിക്കാത്തതില്‍ ഗതാഗതവകുപ്പിന് കടുത്ത അമര്‍ഷവുമുണ്ട്.

ധനവകുപ്പ് സഹായിക്കുന്നില്ലെന്ന സിഎംഡിയുടെ നിലപാട് സിഐടിയു തള്ളിയിരുന്നു. പ്രതിസന്ധിയിലായ കോര്‍പറേഷനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ജീവനക്കാരുടെ ശത്രുവാകാനില്ലെന്നുമുള്ള നിലപാടാണ് ചീഫ് സെക്രട്ടറിയെയും ഗതാഗത മന്ത്രിയെയും ബിജു പ്രഭാകര്‍ അറിയിച്ചത്. അച്ഛനെ അധിക്ഷേപിച്ച യൂനിയന്‍ നേതാക്കള്‍ക്കെതിരെ പോലും നടപടി എടുക്കാത്തതിലെ അമര്‍ഷവും ബിജു പങ്കുവെച്ചിട്ടുണ്ട്. ശമ്പളവിതരണം തുടര്‍ച്ചയായി തടസപ്പെട്ടതും സിഎംഡി നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതുമാണ് സ്ഥാനം ഒഴിയാമെന്ന നിലപാടിലേക്ക് ബിജു പ്രഭാകരിനെ എത്തിച്ചത്.

Trending

No stories found.

Latest News

No stories found.