കോട്ടയം: നവകേരളസദസിന്‍റെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ ആദ്യ പ്രഭാതയോഗം കോട്ടയം ജെറുസലേം മാർത്തോമ ചർച്ച് പാരിഷ് ഹാളിൽ നടന്നു. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേട്ടു. കേന്ദ്രസർക്കാർ അനുമതി നൽകിയാൽ ഉടൻ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പണലഭ്യത ഇക്കാര്യത്തിൽ പ്രശ്‌നമല്ല. സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയം വന്നതോടെയാണ് പദ്ധതി നടപ്പാക്കുന്നതിൽ പ്രശ്‌നങ്ങൾ ഉണ്ടായത്. കെറെയിൽ നമ്മൾ മാത്രം വിചാരിച്ചാൽ നടപ്പാക്കാൻ സാധിക്കുന്നതല്ല. കേന്ദ്ര അനുമതി ഇല്ലാതെ നടപ്പാക്കാൻ പറ്റില്ല. വെറുതെ അധ്വാനം പാഴാക്കണ്ട എന്ന് കരുതി നിർത്തിവെച്ചതാണ്. സാധാരണ നിലയിൽ കേന്ദ്രസർക്കാർ അനുമതി നൽകേണ്ടതാണ്. ചില സങ്കുചിത മനസുകൾ അനുവദിച്ചില്ല.
കെറെയിൽ നടപ്പാക്കുന്നതു സംബന്ധിച്ചു ദക്ഷിണ റെയിൽവേയോട് പരിശോധിക്കാൻ പറഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതിനെയും എതിർക്കുന്നതാണ് കണ്ടത്. എതിർപ്പുകൾ ഉണ്ടായാലും കെറെയിൽ നടപ്പാക്കുക തന്നെ വേണമെന്ന് ചൂണ്ടിക്കാട്ടിയത് കോട്ടയത്തെ പ്രഭാത യോഗത്തിൽ ആദ്യം സംസാരിച്ച ജസ്റ്റിസ് കെ.ടി തോമസ് ആണ്.