'ഓര്‍മ' അന്താരാഷ്ട്ര പ്രസംഗ മത്സരം: ഗ്രാന്‍ഡ് ഫിനാലേ 12ന് പാലായില്‍; ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപ

അന്താരാഷ്ട്ര തലത്തിലൊരുക്കിയ പ്രസംഗമത്സരത്തിന്‍റെ ആദ്യത്തെ റൗണ്ടില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി വന്ന നാനൂറോളം പ്രസംഗങ്ങളില്‍ നിന്നാണ് രണ്ടാം ഘട്ടത്തിലേക്കുള്ള 50 പ്രസംഗങ്ങള്‍ തെരഞ്ഞെടുത്തത്
ജോസ് തോമസ് (ഓർമ ടാലൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ), ഷാജി ആറ്റുപുറം (ഓർമ ഇന്‍റർ നാഷണൽ ജനറൽ സെക്രട്ടറി), കുര്യാക്കോസ് മാണിവയലിൽ (ഓർമ കേരള ചാപ്റ്റർ പ്രസിഡൻ്റ് )
ജോസ് തോമസ് (ഓർമ ടാലൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ), ഷാജി ആറ്റുപുറം (ഓർമ ഇന്‍റർ നാഷണൽ ജനറൽ സെക്രട്ടറി), കുര്യാക്കോസ് മാണിവയലിൽ (ഓർമ കേരള ചാപ്റ്റർ പ്രസിഡൻ്റ് )
Updated on

കോട്ടയം: ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷന്‍ 'ഓര്‍മ' ഓണ്‍ലൈനായി ഒരുക്കിയ അന്താരാഷ്ട്ര തലത്തിലുള്ള പ്രസംഗ മത്സരം 2 ഘട്ടങ്ങളും പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് ഫിനാലേയിലേക്ക്. ശനിയാഴ്ച പാലാ സെന്‍റ് തോമസ് കോളെജ് ഇന്‍റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് വിപുലമായ രീതിയില്‍ ഫിനാലേ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചടങ്ങിൽ മുഖ്യാതിഥിയാകും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ഇന്‍കം ടാക്‌സ് ജോയിന്‍റ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍, ജോസ് കെ മാണി എം.പി, മാണി സി കാപ്പന്‍ എംഎൽഎ, മുൻ ഡിജിപി ബി. സന്ധ്യ, പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, ചലചിത്ര സംവിധായകന്‍ സിബി മലയില്‍ തുടങ്ങിയവർ പങ്കെടുക്കും.

കേരള ഹൈക്കോടതി മുൻ ജഡ്ജി കെ. നാരായണക്കുറുപ്പ് ചെയര്‍മാനായ പാനലാണ് ഫൈനല്‍ റൗണ്ടില്‍ മത്സരത്തിന്‍റെ വിധികര്‍ത്താക്കളാകുന്നത്. എം.ജി സർവകലാശാല മുൻ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, മുൻ ഡിജിപി ബി. സന്ധ്യ, ഡോ. ജില്‍സണ്‍ ജോണ്‍, അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളെജ് വൈസ് പ്രിന്‍സിപ്പൽ ഡോ. ജിലു അനി ജോണ്‍, ഫിലാഡല്‍ഫിയയിലെ അറ്റോര്‍ണി അഡ്വ. ജോസഫ് എം കുന്നേല്‍ എന്നിവരാണ് ഫൈനല്‍ റൗണ്ടിലെ വിധികർത്താക്കൾ. ഫൈനല്‍ റൗണ്ടില്‍ നിന്നാണ് പുരസ്‌കാരങ്ങള്‍ക്കും മെഗാ ക്യാഷ് അവാര്‍ഡുകള്‍ക്കുമുള്ള പ്രസംഗകരെ നിശ്ചയിക്കുക.

'മാറുന്ന ലോകത്തില്‍ ഇന്ത്യ മാറ്റത്തിന്‍റെ പ്രേരക ശക്തി', 'യുവജനങ്ങളുടെ കര്‍മശേഷിയും ക്രിയാത്മകതയും നശിപ്പിക്കുന്ന ലഹരി വസ്തുക്കള്‍- പ്രശ്നങ്ങളും പരിഹാരങ്ങളും' എന്നീ വിഷയങ്ങളില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒന്നായിരിക്കും ഫൈനല്‍ റൗണ്ടിലെ പ്രസംഗ മത്സരത്തിന്റെ വിഷയം. മത്സരത്തില്‍ 4 മിനുട്ടാണ് ഒരാള്‍ക്ക് സംസാരിക്കാന്‍ അനുവദിക്കപ്പെട്ട സമയം. രാവിലെ 9 മണിക്ക് തുടങ്ങി 12.30ന് പ്രസംഗ മത്സരം അവസാനിക്കും. തുടർന്ന് 2 മണി മുതല്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ ചലചിത്ര സംവിധായകന്‍ സിബി മലയില്‍ വിജയികളെ പ്രഖ്യാപിക്കും.

അന്താരാഷ്ട്ര തലത്തിലൊരുക്കിയ പ്രസംഗമത്സരത്തിന്‍റെ ആദ്യത്തെ റൗണ്ടില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി വന്ന നാനൂറോളം പ്രസംഗങ്ങളില്‍ നിന്നാണ് രണ്ടാം ഘട്ടത്തിലേക്കുള്ള 50 പ്രസംഗങ്ങള്‍ തെരഞ്ഞെടുത്തത്. ഇതില്‍ നിന്ന് 2 വിഭാഗത്തില്‍ നിന്നും 13 പേരെ വീതം 26 പേരെയാണ് ഫൈനല്‍ റൗണ്ടിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഫൈനല്‍ റൗണ്ടില്‍ മത്സരാര്‍ത്ഥികള്‍ക്കായി വ്യത്യസ്തങ്ങളായ മത്സരങ്ങളായിരിക്കും ഉണ്ടായിരിക്കുക. മത്സരാര്‍ഥികളെ ഉന്മേഷഭരിതരാക്കാൻ 1.30മുതല്‍ 2.15 വരെ ടോപ് സിങര്‍ ഫെയിം റിതുരാജ്, മിയക്കുട്ടി എന്നിവരുടെ മ്യൂസിക് ഷോയും ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 11ന് അവസാന വട്ട ട്രെയിനിങ് കൂടി നല്‍കിയ ശേഷമാകും ഫിനാലേ വേദിയിലേക്ക് മത്സരാര്‍ഥികളെ എത്തിക്കുക.

ആകെ 4 ലക്ഷത്തിൽപരം രൂപ സമ്മാനമായി നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ജോസ് തോമസ്, ജോസ് ആറ്റുപുറം, ജോർജ് നടവയൽ, എബി ജെ ജോസ് എന്നിവർ അറിയിച്ചു. ഏറ്റവും മികച്ച പ്രസംഗകന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകും. തുടർന്ന് ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി 1, 2, 3 സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 50,000, 25,000, 15,000 രൂപവീതം സമ്മാനിക്കും. മത്സരത്തിൽ ഫൈനൽ റൗണ്ടിൽ എത്തുന്ന എല്ലാവർക്കും ക്യാഷ് പ്രൈസും നൽകും. വാർത്താ സമ്മേളനത്തിൽ ഓർമ ടാലൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, ഓർമ ഇൻറർനാഷണൽ ജനറൽ സെക്രട്ടറി ഷാജി ആറ്റുപുറം, ഓർമ കേരള ചാപ്റ്റർ പ്രസിഡൻ്റ് കുര്യാക്കോസ് മാണിവയലിൽ തുടങ്ങിയവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.