തിരുവനന്തപുരം: സംസ്ഥാനത്തെത്ത മുഴുവൻ അതിഥി തൊഴിലാളികളെയും തൊഴിൽ വകുപ്പിന്‍റെ കീഴിൽ കൊണ്ടുവരാനുള്ള യജ്ഞത്തിന് തിങ്കളാഴ്ച മുതൽ തുടക്കം. അതിഥിപോർട്ടൽ വഴിയുള്ള രജിസ്‌ട്രേഷൻ നടപടികൾക്കാണ് സംസ്ഥാനതലത്തിൽ നാളെ മുതൽ തുടക്കമാവുന്നത്.അതിഥി തൊഴിലാളി രജിസ്ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.
പോർട്ടലിൽ ഒരു അതിഥി തൊഴിലാളി പോലും രജിസ്റ്റർ ചെയ്യാതെ പോവരുതെന്ന് ഇതിന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കിൽ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ കൂടുതൽ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി രജിസ്‌ട്രേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും നിർദേശിക്കുന്നു.
അതിഥി തൊഴിലാളികൾ കൂടുതലായി എത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ രജിസ്ട്രേഷൻ ഹെല്പ് ഡെസ്ക്കുകൾ സജ്ജമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തൊട്ടാകെയുള്ള തൊഴിൽ വകുപ്പ് ഓഫീസുകളിലും വർക്ക് സൈറ്റുകളിലും ലേബർക്യാമ്പുകളിലും രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യമൊരുക്കി രജിസ്‌ട്രേഷൻ നടപടികൾ ഊർജ്ജിതമാക്കാനാണ് തീരുമാനം.
അതിഥി തൊഴിലാളികൾ, അവരുടെ കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. athidhi.lc.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. പോർട്ടലിൽ പ്രാദേശിക ഭാഷകളിൽ നിർദേശങ്ങൾ ലഭ്യമാണ്. നൽകിയ വ്യക്തിവിവരങ്ങൾ എൻട്രോളിംഗ് ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകുമെന്നും മന്ത്രി വിശദീകരിച്ചു.