ആരോഗ്യ വകുപ്പിലെ അനധികൃത അവധി: കർശന നടപടിക്ക് മന്ത്രി

അനധികൃതമായി വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ച് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും
ആരോഗ്യ വകുപ്പിലെ അനധികൃത അവധി: കർശന നടപടിക്ക് മന്ത്രി
Veena Georgefile
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതിനിടെ അനധികൃതമായി ജോലിയില്‍ നിന്നു വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

അനധികൃതമായി വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ച് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും.

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. എന്നാല്‍, ചില ജീവനക്കാര്‍ അനധികൃതമായി അവധിയിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ല. ജില്ലകളില്‍ അനധികൃതമായി അവധിയിലുള്ള ജീവനക്കാരുടെ വിവരങ്ങള്‍ അടുത്ത 5 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

അനധികൃത അവധിയിലുള്ള ജീവനക്കാരില്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ താത്പര്യമുള്ളവര്‍ ഒരാഴ്ചയ്ക്കകം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് പൊതു അറിയിപ്പ് നൽകണം. ആരോഗ്യ വകുപ്പ് ഡയറക്റ്ററും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്ററും ഇതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.

ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. ഈ സമയത്ത് ആരോഗ്യ മേഖലയില്‍ നിന്നും ജീവനക്കാര്‍ മാറി നില്‍ക്കാന്‍ പാടില്ല. കൂടുതല്‍ മികവുറ്റ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമിതരായ ജീവനക്കാരില്‍ അനധികൃത ഹാജരില്ലായ്മ വകുപ്പിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതത്പരരായ, അര്‍ഹരായ ഉദ്യോഗാർഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.