കടപ്ര: വീട്ടുനമ്പര്‍ കിട്ടിയില്ലെന്ന കടപ്ര സ്വദേശി ജോര്‍ജ് ബെര്‍ണാഡിന്‍റെ പരാതിയിൽ ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കി ആരോഗ്യമന്ത്രി വീണാജോര്‍ജ്. ഇത് നീതിയല്ല, ഇത്തരം ശീലങ്ങള്‍ വച്ചുപൊറുപ്പിക്കില്ലയന്നും തിരുവല്ല താലൂക്ക് തല അദാലത്തിൽ പരാതി പരിഗണിക്കവേ മന്ത്രിവീണ ജോർജ് പറഞ്ഞു.
ഇഎംഎസ് ഭവനപദ്ധതി പ്രകാരം പണികഴിപ്പിച്ച വീടിന്‍റെ നമ്പരിനായി വര്‍ഷങ്ങളായി ജോര്‍ജ് ബെര്‍ണാഡ് കടപ്ര പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങുകയാണ്. 2016 ല്‍ വീട്ടുനമ്പര്‍ ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയതിന്‍റെ രസീതും അദാലത്തില്‍ ജോര്‍ജ് ഹാജരാക്കിയിരുന്നു. നാളിത്രയായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ഒരു വയോധികന് നീതി നിഷേധിച്ചുവെന്നും ഗുരുതരമായ ഈ വീഴ്ച കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും അദാലത്തില്‍ ലഭിച്ച പരാതികള്‍ പോലും കടപ്ര പഞ്ചായത്ത് സെക്രട്ടറി ഗൗരവത്തിലെടുത്തില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാനും ജോര്‍ജ് ബെര്‍ണാഡിന് കെട്ടിടനമ്പര്‍ മാനദണ്ഡപ്രകാരം ലഭ്യമാക്കി നീതി ഉറപ്പാക്കാനും എല്‍എസ്ജിഡി ജോയിന്‍റ് ഡയറക്റ്ററോട് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ആരോഗ്യമന്ത്രിയുടെ നടപടിയില്‍ ഏറെ സന്തോഷമുണ്ടെന്നും തനിക്ക് നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും ജോര്‍ജ് ബെര്‍ണാഡ് പ്രതികരിച്ചു.