തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില ഉയരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയിൽ നിന്നും 3 ഡിഗ്രി സെൽഷ്യസ് മുതൽ നാല് വരെയാണ് ഉയരാൻ സാധ്യത.
കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം 37 , ആലപ്പുഴ- കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
പകൽ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക്കണമെന്നും ദാഹമില്ലെങ്കിലും ശുദ്ധജലം കുടിക്കുന്നത് തുടരണമെന്നും നിർദേശത്തിൽ പറയുന്നു.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം.
കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം, അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നതടക്കമാണ് മുന്നറിയിപ്പ്