തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശം. മഴക്കെടുതിൽ 3 പേർക്ക് ചൊവ്വാഴ്ച ജീവൻ നഷ്ടമായി. പാലക്കാട് കൊട്ടേക്കാട് വീടിന്‍റെ ചുമർ ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് കൊടക്കുന്ന് സുലോചന ( 53) മകൻ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. തിങ്കളാഴ്ച രാത്രി പെയ്ത മഴയിലും കാറ്റിലും ചുമർ ഇടിഞ്ഞു വീണതാണെന്നാണ് കരുതുന്നത്.
കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് വയോധിക മരിച്ചു. കോളേരി സ്വദേശി കുഞ്ഞാമിന (51) ആണ് മരിച്ചത്. വെള്ളക്കെട്ടിനടയിലുണ്ടായ കിണറ്റിൽ വീഴുകയായിരുന്നു.
അതേസമയം, പേപ്പാറ ഡാമിന്‍റെ ഷട്ടറുകൾ രാവിലെ ഉയർത്തും. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 60 സെന്‍റീമീറ്ററിൽ നിന്നും 90 സെ.മീ ആക്കുമെന്നും തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു. രാവിലെ ഒമ്പതിനാണ് പേപ്പാറ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും. ഇരു ഡാമിന്‍റേയും കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
മഴ കനത്തതോടെ പെരിയാറും കരകവിഞ്ഞു. ആലുവ ശിവക്ഷേത്രം മുങ്ങി. പെരിയാറിൽ ജലനിരപ്പ് കൂടിയതോടെ തിങ്കളാഴ്ച വൈകീട്ടോടെ ഭൂതത്താൻകെട്ട് ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും തുറന്നു. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച ഉച്ചയോടെ നീരൊഴുക്ക് ശക്തമായിരുന്നു.