തിരുവനന്തപുരം: ശക്തമായ മഴയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെള്ളം കയറി. ശക്തമായ മഴയെ തുടര്‍ന്ന് ഓടനിറഞ്ഞ് വെള്ളം ആശുപത്രിക്ക് അകത്തേക്ക് കയറുകയായിരുന്നു. വെള്ളം കയറിയതിനെ തുടർന്ന് ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു.
തിരുവനന്തപുരം നെയ്യാറ്റിൻകര ഭാഗത്ത് കഴിഞ്ഞ 3 ദിവസമായി ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതിനിടെ ആശുപത്രിയുടെ പണി നടന്നിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോസ്റ്റുകള്‍ മാറ്റിയപ്പോള്‍ കല്ലുകളും മറ്റ് അവശിഷ്ടങ്ങളും ഓടയിലാണ് ഇട്ടത്. ഇതോടെ ഓടയിലെ ഒഴുക്ക് തടസപ്പെടുകയും പൈപ്പ് പൊട്ടുകയും ചെയ്തു. ഇതാണ് വെള്ളം ആശുപത്രിയിലേക്ക് കയറാൻ കാരണം.