കോതമംഗലം: എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി. ഉറിയംപെട്ടി, വെള്ളാരംകുത്ത് എന്നീ ആദിവാസി കോളനികളും, മണികണ്ഠൻ ചാൽ ഗ്രാമവും ഒറ്റപ്പെട്ടു.
തിങ്കളാഴ്ച തുടർച്ചയായി പെയ്ത മഴയെ തുടർന്നാണ് മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായത്. ഒഴുക്ക് ശക്തമാണെങ്കിലും ബദൽ സംവിധാനമായി വഞ്ചിയിറക്കി ആളുകളെ അക്കരെയിക്കരെ കടത്തുവാനുള്ള ശ്രമം പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്.
വർഷക്കാലത്ത് ചപ്പാത്ത് മുങ്ങി ഗതാഗതം മുടങ്ങുന്നത് പതിവായ ഇവിടെ ചപ്പാത്ത് ഉയർത്തിപ്പണിയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മുൻ പഞ്ചായത്ത് അംഗമായ ഷിനോ ടി വർക്കി പറഞ്ഞു.