ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം; 6 പള്ളികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

ജില്ലാ കലക്‌റ്റർമാർക്ക് ഹൈക്കോടതിയുടെ കർശന നിർദേശം
high court on orthodox- Jacobite sabha issue
കേരള ഹൈക്കോടതി
Updated on

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ കുടുങ്ങിയ ആറ് പള്ളികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. എറണാകുളം, പാലക്കാട് ജില്ലാ കലക്റ്റര്‍മാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശം നല്‍കി. നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ കലക്റ്റര്‍മാരെയും സംസ്ഥാന ചീഫ് സെക്രട്ടറിയെയും കോടതി വിളിച്ചുവരുത്തുമെന്ന് ജസ്റ്റിസ് വി. ജി. അരുണ്‍ വാക്കാലുള്ള മുന്നറിയിപ്പ് നല്‍കി. തർക്കത്തിലുള്ള ആറ് പള്ളികളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ കലക്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് ഓഗസ്റ്റ് 30 ന് കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. യാക്കോബായ ഇടവകക്കാരുടെ തടസ്സത്തെത്തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ (ഓര്‍ത്തഡോക്‌സ് വിഭാഗം) അംഗങ്ങളെ പള്ളികളില്‍ പ്രവേശിപ്പിക്കാനും സമാധാനപരമായി പ്രാർഥന നടത്താനും അനുവദിക്കണമെന്ന 2022 ലെ കോടതിയുടെ നിര്‍ദ്ദേശങ്ങളുടെ നഗ്‌നമായ ലംഘനം ജസ്റ്റിസ് അരുണ്‍ ശ്രദ്ധിച്ചതിനെ തുടര്‍ന്നാണ് ഓഗസ്റ്റ് 30 ന് ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ പള്ളികളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ ജില്ലാ കലക്റ്റര്‍മാരോട് ആവശ്യപ്പെടുകയല്ലാതെ തനിക്ക് മറ്റ് മാര്‍ഗമില്ലെന്ന് ജഡ്ജി പറഞ്ഞു. കേസില്‍ ഒക്ടോബര്‍ 7 തിങ്കളാഴ്ച അടുത്ത വാദം കേള്‍ക്കും. തുടക്കത്തില്‍ ഒരേ സഭയുടെ ഭാഗമായിരുന്ന ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍, പള്ളികളുടെ ഉടമസ്ഥാവകാശം ആര്‍ക്കാണ് എന്നതിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഭിന്നതയിലായത്.

ഓര്‍ത്തഡോക്‌സ് വിഭാഗം കേരളത്തിലെ മലങ്കര മെത്രാപൊലിത്തയെ പിന്തുടരുമ്പോള്‍ യാക്കോബായ വിഭാഗം അന്തിയോക്യയിലെ പാത്രിയര്‍ക്കീസിനെയാണ് അവരുടെ ആത്മീയ നേതാവായി അംഗീകരിക്കുന്നത്. കേസില്‍ സുപ്രീം കോടതിയുടെ 2017ലെ വിധി പ്രധാനമായും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായിരുന്നു. സുപ്രീം കോടതിയുടെ വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവരികയാണ്.

Trending

No stories found.

Latest News

No stories found.