കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷപ്രചരണക്കേസില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ രണ്ടാഴ്ച്ചത്തേക്കു നടപടി പാടില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.
കളമശേരി സ്ഫോടനത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പരാമര്‍ശം വിദ്വേഷം പരത്തുന്നതാണെന്ന പരാതിയിലാണു സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. കേസിൽ കടുത്ത നടപടികൾ പാടില്ലെന്നാണു പൊലീസിന് കോടതി നൽകിയിരിക്കുന്ന നിർദേശം. വിദ്വേഷം പ്രചരിപ്പിച്ചു, സമൂഹങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് രണ്ട് കേസുകളാണ് രാജീവ് ചന്ദ്രശേഖറിനെതിരേ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്തത്.
അതേസമയം കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്‍റെ റിമാൻഡ് കാലാവധി ഡിസംബർ 26 വരെ നീട്ടി. നവംബർ 15-നാണ് കളമശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഓൺലൈൻ വഴിയാണു മാർട്ടിനെ ഹാജരാക്കിയത്.