മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേ

സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.
high court Stay for order on acquitting K. Surendran in Manjeswaram corruption case
k surendranfile image
Updated on

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. വരും ദിവസങ്ങളിൽ ഹൈക്കോടതിയിൽ വാദം കേൾക്കും. സുരേന്ദ്രൻ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ കാസർഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

കോഴക്കേസില്‍ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും ഗുരുതര വീഴ്ച സംഭവിച്ചതായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചത് കാലാവധി കഴിഞ്ഞാണെന്നും കെ.സുന്ദരയെ ഭീഷണിപ്പെടുത്തിയാണ് പത്രിക പിന്‍വലിപ്പിച്ചതിനു തെളിവില്ലെന്നും വിധിപ്പകര്‍പ്പില്‍ ചൂണ്ടിക്കാടിയിരുന്നു. ഇതേത്തുടര്‍ന്ന് വിചാരണയിലേക്കുപോലും കടക്കാതെ കേസ് കോടതി തള്ളുകയായിരുന്നു. കേസിൽ സിപിഎം - ബിജെപി ഒത്തുകളി ആരോപണം സഭയിൽ ഉയർന്നതോടെ ഇക്കാര്യത്തിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇപ്പോൾ സർക്കാർ അപ്പീൽ സമർപ്പിച്ചത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്‌പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ 2.50 ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നതുമാണ് കേസ്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയാണെന്നും ആരോപിച്ച് സുരേന്ദ്രനും മറ്റു 5 പ്രതികളും 2023 സെപ്റ്റംബറില്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസ് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും കേസ് നിലനില്‍ക്കില്ലെന്ന പ്രതികളുടെ വാദം സെഷന്‍സ് കോടതി അംഗീകരിക്കുകയായിരുന്നു.

സുരേന്ദ്രനു പുറമേ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി സംസ്ഥാന സമിതി അംഗം വി. ബാലകൃഷ്ണ ഷെട്ടി, പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്‌ഠ റൈ, ലോകേഷ് നോഡ എന്നിവരാണു മറ്റു പ്രതികളായി കുറ്റപത്രത്തിലുണ്ടായിരുന്നത്.

Trending

No stories found.

Latest News

No stories found.