കൊച്ചി: വയനാട്ടിലെ ഹർത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. യുഡിഎഫും എൽഡിഎഫും ഹർത്താൽ നടത്തിയത് ശരിയായ സമീപനമല്ലെന്നും പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും കടുത്ത ഭാഷയിൽ ഹൈക്കോടതി വിമർശിച്ചു. ദുരന്തം സംഭവിച്ച മേഖലയിലാണ് ഹർത്താൽ നടത്തിയത്. ഹർത്താൽ നടത്തിയ സമീപനം നിരാശാജനകമാണെന്നും ഹൈക്കോടതി പറഞ്ഞു.
ഹർത്താലിനെ എങ്ങനെയാണ് ന‍്യായീകരിക്കാൻ സാധിക്കുന്നതെന്നും അധികാരത്തിലിരിക്കുന്ന എൽഡിഎഫ് എന്തിനാണ് ഹർത്താൽ നടത്തിയതെന്നും ഹൈക്കോടതി ചോദിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാർ വീഴ്ചകൾക്കെതിരെയാണ് യുഡിഎഫ് ഹർത്താൽ പ്രഖ‍്യാപിച്ചത്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ‍്യാപിക്കാത്തതിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് ഹർത്താൽ നടത്തിയത്.