കൊച്ചി: പൂട്ടിക്കിടന്ന വീട്ടിൽ നിന്നും വിദേശത്തുള്ള വീട്ടുടമയ്ക്ക് കൈയിൽ കിട്ടിയത് വൻ തുകയുടെ കറന്‍റ് ബില്ല്. അമെരിക്കയിലുള്ള അജിത്.കെ.വാസുദേവനാണ് 5000 രൂപയുടെ കറന്‍റ് ബില്ലുക്കണ്ട് ഷോക്കടിയേറ്റത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ വീടിനുള്ളിൽ അനധികൃത താമസക്കാരെ കണ്ടെത്തിയത്. സംഭവത്തിൽ അജിത്ത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.
വൈറ്റിലയിലെ ജനതാ റോഡിലാണ് അജിത്തിന്‍റെ വീട്. ഈ വീട് വാടകയ്ക്കു നൽകിയിരുന്നില്ല. ഗെയ്റ്റ് ഉൾപ്പെടെ പൂട്ടിയാണ് പോയിരുന്നത്. 2023ൽ ഒഴികെ എല്ലാ വർഷവും തുടർച്ചയായി നാട്ടിൽ വന്നിരുന്നു എന്നും അജിത് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ 2 മാസമായി 5000 ത്തിനു മുകളിൽ വൈദ്യുതി ബിൽ വന്നപ്പോഴാണ് ഇക്കാര്യം അജിത്ത് ശ്രദ്ധിക്കുന്നത്. തുടർന്ന് കെഎസ്ഇബിക്ക് പരാതി നൽകി. കാരണമെന്താണെന്നു അന്വേഷിച്ചറിയാൻ ചെലവന്നൂർ സ്വദേശികളായ 2 പേരെ വീട്ടിലേക്ക് അയക്കുകയും ചെയ്തു.
അപ്പോഴാണ് അവിടെ താമസക്കാരുണ്ടെന്നു മനസിലായത്. വിവരം അന്വേഷിക്കാൻ ചെന്നവരെ താമസക്കാർ ഭീഷണിപ്പെടുത്തിയെന്നും പരാതി വിശദമാക്കുന്നു. അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്നാണ് അജിത് പരാതിയിൽ ആവശ്യപ്പെടുന്നത്. വീടിനു ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കുകയും പെയിന്‍റ് അടിക്കുകയും ചെയ്തിട്ടുണ്ട്. വീട് വൃത്തിയാക്കാൻ ചുമതലപ്പെടുത്തിയ ആൾ അയാളുടെ ജോലിക്കാരെ വീട്ടിൽ താമസിപ്പിച്ചതാണ് സംഭവമെന്നാണ് കൊച്ചി പൊലീസ് വിശദമാക്കുന്നത്. പരാതി മരട് പൊലീസിനു കൈമാറിയിട്ടുണ്ട്.