കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന അഞ്ച് പള്ളികള്‍ ഏറ്റെടുക്കാന്‍ ജില്ലാ കലക്ടര്‍മാരോട് ഹൈക്കോടതി ഉത്തരവിട്ടു. ഏറ്റെടുത്ത പള്ളിയുടെ താക്കോല്‍ സൂക്ഷിക്കണമെന്നും, അടുത്ത തവണ കോടതി പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. എറണാകുളം, പാലക്കാട് കലക്ടര്‍മാരെ സ്വമേധയാ കക്ഷി ചേര്‍ക്കുകയായിരുന്നു. സഭാ അധികൃതര്‍ നല്‍കിയ കോടതയലക്ഷ്യ പരാതിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്.
പോത്താനിക്കാട്, മഴുവന്നൂര്‍, മംഗലം ഡാം, എരിക്കിന്‍ചിറ, ചെറുകുന്നം എന്നീ അഞ്ച് പള്ളികളാണ് ജില്ലാ കലക്ടര്‍മാരോട് ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. യാക്കോബായ പക്ഷത്തിന്‍റെ കൈവശമുള്ള പള്ളികള്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് പാലിക്കാത്തതിലുള്ള കോടതിയലക്ഷ്യ ഹര്‍ജികളിലാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്.
പള്ളികളുടെ അവകാശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, ഉത്തരവ് പുറത്തുവന്നിട്ടും പള്ളികള്‍ അതാത് സഭകള്‍ക്ക് കൈമാറാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. യാക്കോബായക്കാരുടെ പ്രതിരോധത്തെ തുടര്‍ന്ന് പള്ളികള്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പലവട്ടം പിന്മാറുകയായിരുന്നു.