കോഴിക്കോട്: ഭക്ഷണം കഴിച്ചയാൾ യുപിഐ ഇടപാടിലൂടെ പണമയച്ചതിനു പിന്നാലെ തൊഴിലും ജീവിതവും പ്രതിസന്ധിയിലായ അവസ്ഥയിലാണ് കോഴിക്കോട് താമരശേരി സ്വദേശി സാജിൻ. പണം അയച്ച ജയ്പൂർ സ്വദേശി തട്ടിപ്പു കേസിലെ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് സാജിന്‍റെ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു.
263 രൂപയാണ് ജയ്പൂർ സ്വദേശി സാജിന്‍റെ അക്കൗണ്ടിലേക്ക് അയച്ചത്. തൊട്ടു പിന്നാലെ സാജിന്‍റെ അക്കൗണ്ട് മരിവിച്ചു. ബാങ്കിലെത്തി അന്വേഷിച്ചപ്പോൾ 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് തന്‍റെ അക്കൗണ്ടിലേക്ക് പണമിട്ടതെന്ന് വ്യക്തമായത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവു പ്രകാരമാണ് നടപടിയെന്നും സൈബർ സെല്ലാണ് നിർദേശം നൽകിയതെന്നും ബാങ്കുകാർ വ്യക്തമാക്കി.
കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ ജയ്‌പുർ ജവഹർ നഗർ സർക്കിൾ എസ്എച്ച്ഒയെ ബന്ധപ്പെടാനാണ് നിർദേശം. തുച്ഛമായ വരുമാനമാർഗത്തിൽ മുന്നോട്ടു പോവുന്ന ഈ കച്ചവടകാരന് കുടുംബവും ജീവിതവും ഇപ്പോൾ എങ്ങനെ മുന്നോട്ടു കൊണ്ടു പോവുമെന്നറിയാത്ത അവസ്ഥയിലാണ്. അക്കൗണ്ടിലുള്ള പണം പോലും എടുക്കാനാവാത്ത അവസ്ഥയിലാണ് സാജിൻ.