തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രക്ഷോഭങ്ങൾ ശക്തമാകുകയാണ് കേരളത്തിൽ. എന്നാൽ, സംസ്ഥാനത്ത് വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നു വർഷമായി കുറയുന്ന പ്രവണതയാണ് കാണിക്കുന്നതെന്ന് സംസ്ഥാന വനം വകുപ്പിന്‍റെ കണക്കുകളിൽ വ്യക്തമാകുന്നു.
വാർത്താ ഏജൻസിയായ പിടിഐ വനം വകുപ്പിൽ നിന്നു ശേഖരിച്ച കണക്ക് പ്രകാരം 2023-24 കാലഘട്ടത്തിൽ സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആണ്. 2022-23 കാലഘട്ടത്തിൽ ഇത് 27 പേരും, 2021-22 കാലഘട്ടത്തിൽ 35 പേരുമായിരുന്ന സ്ഥാനത്താണിത്.
ഒഡീഷ, ഝാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കേരളത്തിലേതിനെക്കാൾ വളരെ കുടുതലുമാണ്. ഝാർഖണ്ഡിൽ ശരാശരി നൂറു പേരാണ് കാട്ടാന ആക്രമണത്തിൽ മാത്രം മരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 148 പേരാണ് കർണാടകയിൽ മരിച്ചത്.
ഒഡീഷ, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ 499, 385, 358 എന്നിങ്ങനെയാണ് അഞ്ച് വർഷത്തിനിടെ മനുഷ്യ-മൃഗ സംഘർഷങ്ങളിൽ നഷ്ടപ്പെട്ട മനുഷ്യജീവനുകളുടെ എണ്ണം എന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കണക്കിലും വ്യക്തമാകുന്നു.
അതേസമയം, കാട്ടുപന്നി ആക്രമണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ വലിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2016-17 സമയത്ത് നാലു പേർ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ, 2023-24 കാലഘട്ടത്തിൽ ഇത് 11 ആയി. അതായത്, മനുഷ്യ-മൃഗ സംഘർഷത്തിൽ മരിച്ച 17 പേരിൽ 11 പേരും കാട്ടുപന്നി ആക്രമണത്തിലാണു മരിച്ചതെന്നാണ് വനം വകുപ്പിന്‍റെ കണക്ക്.
മരണസംഖ്യയിൽ മാത്രമല്ല, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർക്കു പരുക്കേൽക്കുന്ന സംഭവങ്ങളും സംസ്ഥാനത്ത് കുറഞ്ഞു വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. രേഖകൾ പ്രകാരം സമീപകാലത്ത് ഏറ്റവും കൂടുതൽ പരുക്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 2020-21 കാലഘട്ടത്തിലാണ്, 988. തൊട്ടടുത്ത വർഷം ഇത് 758 ആയി കുറയുകയും ചെയ്തു.
അതേസമയം, പാമ്പുകടിയേറ്റ് മരിക്കുന്നത് വന്യമൃഗ ആക്രമണത്തിന്‍റെ കണക്കിലാണ് ഉൾപ്പെടുത്തുന്നത്. ഇത് തെറ്റിദ്ധാരണയ്ക്കു കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.