ഇടുക്കി: ഇടുക്കി ചെറുതോണി ഡാമിൽ സുരക്ഷാ വീഴ്ച. ഡാമിലെത്തിയ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവ് പതിനൊന്നിടത്താണു താഴിട്ടു പൂട്ടിയതെന്നു കണ്ടെത്തി. വിദേശത്തേക്കു കടന്ന ഇയാളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇയാൾ ഇത്തരത്തിൽ ചെയ്തതെന്ന കാര്യം വ്യക്തമായിട്ടില്ല.
ജൂലൈ 22നു പകൽ മൂന്നേകാലിനാണു സംഭവം. ഇടുക്കി ഡാമിലെത്തിയ യുവാവ് ഹൈമാസ് ലൈറ്റുകൾക്കു ചുവട്ടിൽ താഴിട്ടു പൂട്ടുകയായിരുന്നു. ലൈറ്റുകളുടെ ടവറിലും എർത്ത് വയറിലുമുൾപ്പെടെ പതിനൊന്നിടത്ത് ഇത്തരത്തിൽ താഴുകൾ കണ്ടെത്തി. ഡാമിന്‍റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു. അമർത്തുമ്പോൾ പൂട്ടു വീഴുന്ന തരത്തിലുള്ള താഴാണ് ഉപയോഗിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് ഈ താഴുകൾ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. തുടർന്ന് ഇടുക്കി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ ഒറ്റപ്പാലം സ്വദേശിയാണെന്നു വ്യക്തമായി. വാടകയ്ക്കെടുത്ത കാറിലാണ് ഇയാൾ ഇടുക്കിയിലെത്തിയത്. കാർ റെന്‍റിനു നൽകയവരെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇതിനിടെ ഇയാൾ വിദേശത്തേക്ക് പോയി.
സംഭവത്തിൽ രഹസ്വാന്വേഷണ വിഭാഗങ്ങളുടെ അന്വേഷണവും പുരോഗമിക്കുകയാണ്. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പൊലീസിന്‍റെ വീഴ്ചയും പരിശോധിക്കും. അണക്കെട്ടിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡും പരിശോധന നടത്തി. സംഭവത്തെ തുടർന്ന് അണക്കെട്ടിൽ സുരക്ഷ വർധിപ്പിച്ചതായി ഇടുക്കി എസ്പി വി. യു. കുര്യാക്കോസ് പറഞ്ഞു.