ഇടുക്കി: വയനാട്ടിലെ ഉരുൾപൊട്ടലിൽ അനാഥരായ പിഞ്ചു കുഞ്ഞുങ്ങൾക്ക് മുലപ്പാലൂട്ടാൻ തയാറായി ഇടുക്കി സ്വദേശി . രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ ഭാവനയാണ് അനാഥരായ കുഞ്ഞുങ്ങൾക്ക് പാലൂട്ടാൻ തയാറാണെന്ന് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം കാണിച്ച് ബന്ധപ്പെടേണ്ട നമ്പർ സഹിതം ഇവർ സമൂഹമാധ്യമത്തിൽ പങ്കു വച്ചിട്ടുണ്ട്. ഇവരുടെ ഇളയ കുഞ്ഞിന് നാലു മാസമാണ് പ്രായം.
ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുരുന്നുകളെ കുറിച്ച് അറിഞ്ഞപ്പോഴാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ഭർത്താവ് സജിൻ പൂർണ പിന്തുണ നൽകിയെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും മക്കൾക്കൊപ്പം വയനാട്ടിലേക്ക് തിരിച്ചുവെന്നും ഇവർ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
ഇവർക്കു പുറമേ നിരവധി പേർ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ എത്തിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടികളെ സംരക്ഷിക്കാൻ തയാറാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ സന്നദ്ധപ്രവർത്തകരെ അറിയിക്കുന്നവരും നിരവധിയാണ്.