അനധികൃത ഫാം ഉടമയ്ക്ക് ആദ്യം സർക്കാർ പുരസ്കാരം; ഇപ്പോൾ അടച്ചുപൂട്ടൽ മുന്നറിയിപ്പ്

ഫാമിൽനിന്നുള്ള മലിന ജലം കല്ലന്‍ തോട്ടിലേക്കൊഴുക്കുന്നത് അടിയന്തരമായി നിര്‍ത്തിവച്ചില്ലെങ്കില്‍ വ്യാഴാഴ്ച ഫാം അടച്ചു പൂട്ടുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍
ഫാമിൽ നിന്നുള്ള മലിനജലമൊഴുകി നിറം മാറിയ സമീപത്തെ തോട്.
ഫാമിൽ നിന്നുള്ള മലിനജലമൊഴുകി നിറം മാറിയ സമീപത്തെ തോട്.Metro Vaartha
Updated on

# കെ.കെ. ഷാലി

ചാലക്കുടി: പഞ്ചായത്തിന്‍റെ ലൈസൻസ് പോലുമില്ലാതെ അനധികൃതമായി പ്രവർത്തിച്ചുവന്നിട്ടും സംസ്ഥാന സർക്കാരിന്‍റെ ക്ഷീരശ്രീ പുരസ്കാരം വരെ നേടിയ അടിച്ചിലിയിലെ ഫാമിന് ഇപ്പോൾ ആരോഗ്യ വകുപ്പിന്‍റെ അടച്ചുപൂട്ടൽ മുന്നറിയിപ്പ്.

ഫാമിൽനിന്നുള്ള മലിന ജലം കല്ലന്‍ തോട്ടിലേക്കൊഴുക്കുന്നത് അടിയന്തരമായി നിര്‍ത്തിവച്ചില്ലെങ്കില്‍ വ്യാഴാഴ്ച ഫാം അടച്ചു പൂട്ടുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എം. റീന. ജലാശയവും സമീപത്തെ വീടുകളിലെ കിണറുകളും മലിനമാകാൻ ഈ ഫാമിന്‍റെ പ്രവർത്തനം കാരണമാകുന്നുണ്ടെന്നാണ് നിരീക്ഷണം. ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയ നിർദേശം ഫാം ഉടമ പാലിച്ചിട്ടുണ്ടോയെന്ന് നിരീക്ഷിക്കാൻ വ്യാഴാഴ്ച വീണ്ടും ഫാം സന്ദര്‍ശിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍.

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഫാം സന്ദർശിച്ചത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാരായ പി. മഞ്ജിത്ത്, കെ.എ. വര്‍ഗീസ്, സുമ സാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇവിടെനിന്നുള്ള എല്ലാത്തരം മാലിന്യങ്ങളും കല്ലന്‍ തോട് വഴി കുന്നപ്പിള്ളി പമ്പ് ഹൗസില്‍ എത്തിച്ചേര്‍ന്നാണ് ചാലക്കുടി പുഴയില്‍ ചേരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. മൂന്ന് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതിയിലേക്ക് ഇവിടെനിന്നാണ് വെള്ളം കൊണ്ടുപോകുന്നത്. സമീപത്തെ നാല്‍പ്പതോളം വീടുകളിലെ കിണർ വെള്ളം മലിനമായെന്നും പരാതിയുണ്ട്. സമീപത്തുള്ള തോട്ടിലെ വെള്ളം കറുത്ത് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായതിനാൽ അലക്കാനും കുളിക്കാനുമൊന്നും ഇതിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കുന്നില്ല.

പരാതിയെത്തുടർന്ന് പരിശോധനയ്ക്കെത്തിയ ആരോഗ്യ വകുപ്പ് അധികൃതർ തദ്ദേശവാസികളുമായി സംസാരിക്കുന്നു.
പരാതിയെത്തുടർന്ന് പരിശോധനയ്ക്കെത്തിയ ആരോഗ്യ വകുപ്പ് അധികൃതർ തദ്ദേശവാസികളുമായി സംസാരിക്കുന്നു.Metro Vaartha

ഫാമിനെതിരേ പരാതിയുമായി രംഗത്ത് വരുന്നവരെ ഉടമയുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ നാല് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാമില്‍ മുന്നൂറിലധികം പശുക്കളാണുള്ളത്. ബേക്കറി ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഫാമാണിത്. സ്വന്തമായി ഫാമുള്ള ഏക ബേക്കറി ശൃംഖല എന്ന പരസ്യവാചകം പോലും ഇവർ ഉപയോഗിച്ചു വരുന്നു. എന്നാൽ, ഇത്ര വലിയ ഫാമായിട്ടും ഇവിടെ മാലിന്യ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് പോലുള്ളവ പ്രവർത്തനസജ്ജമല്ലെന്നാണ് ആരോപണം.

വേനല്‍ കടുത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ സമയത്ത് ഉള്ള വെള്ളം പോലും മലിനമായ സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര പ്രകാശന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ഷീജു, നാട്ടുകാരായ പി.കെ. ബാബു, പി.ആര്‍. ഷാജി, നിമിഷ ജിതിന്‍, സുനിത പ്രസാദ്, അമ്മിണി സുരേഷ്, പി.പി. അയന എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അനധികൃത ഫാമിന്‍റെ ഉടമയ്ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരം ലഭിച്ചത്തിനെക്കുറിച്ചും അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മികച്ച ക്ഷീര കർഷകയ്ക്കുള്ള ഒരു ലക്ഷം രൂപയുടെ ക്ഷീരശ്രീ പുരസ്‌കാരം നവ്യ ഫാം ഉടമ ജിജി ബിജുവിനാണ് ലഭിച്ചത്.

Trending

No stories found.

Latest News

No stories found.