ഇടുക്കി: പുഷ്പകണ്ടം നാലുമലയിലെ കുന്നിന്‍മുകളില്‍ അനധികൃതമായി ട്രക്കിങിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ കനത്ത മഴയിൽ കുടുങ്ങി. കര്‍ണാടകയില്‍നിന്ന് ഓഫ് റോഡ് ട്രക്കിംഗിനായെത്തിയ 27 വാഹനങ്ങളാണ് കുടുങ്ങിയത്. വാഹനങ്ങള്‍ മഴയെ തുടര്‍ന്ന് തിരിച്ചിറക്കാന്‍ കഴിയാതെ വന്നതോടെ മലമുകളിൽ കുടുങ്ങുകയായിരുന്നു. മഴക്കാലത്ത് ട്രക്കിംഗ് നിരോധിച്ച പ്രദേശമാണിത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കര്‍ണാടകയില്‍ നിന്നെത്തിയ 40 അംഗസംഘം അനധികൃതമായി ട്രക്കിങിനായി എത്തിയത്. സംഘം അങ്ങോട്ട് പോകുമ്പോള്‍ മഴയുണ്ടായിരുന്നില്ലെങ്കിലും പിന്നീട് ശക്തമായ മഴയുണ്ടായതോടെ വാഹനങ്ങള്‍ ഇതുവഴി തിരിച്ചിറക്കാന്‍ പറ്റാതെ വരികയായിരുന്നു. പിന്നീട് വാഹനത്തിലുണ്ടായവര്‍ നടന്നിറങ്ങി നാട്ടുകാരോട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
നാട്ടുകാര്‍ ഇവര്‍ക്ക് രാത്രി അടുത്തുള്ള റിസോര്‍ട്ടുകളില്‍ താമസസൗകര്യം ഒരുക്കിയ ശേഷം പോലീസിനേയും മോട്ടോര്‍ വാഹന വകുപ്പിനേയും കാര്യം അറിയിച്ചു. ഇവർ സ്ഥലത്തെത്തിയിട്ടുണ്ട്. ട്രക്കിംഗ് നടത്തിയവര്‍ക്കെതിരേ കര്‍ശനമായ നടപടിയുണ്ടാകുമെന്നാണ് വിവരം.