ഐ.എൻ.എ.എസ്.എൽ 2024: വാർഷിക ശാസ്ത്രസമ്മേളനം കൊച്ചിയിൽ

കേരളത്തിൽ നടക്കുന്ന ആദ്യത്തെ ഐ.എൻ.എ.എസ്.എൽ സമ്മേളനം
ഐ.എൻ.എ.എസ്.എൽ 2024: വാർഷിക ശാസ്ത്രസമ്മേളനം കൊച്ചിയിൽ
ഐ.എൻ.എ.എസ്.എൽ 2024: വാർഷിക ശാസ്ത്രസമ്മേളനം കൊച്ചിയിൽ
Updated on

കൊച്ചി: ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ലിവറിന്റെ മുപ്പത്തിരണ്ടാം വാർഷിക ശാസ്ത്രസമ്മേളനത്തിന് കൊച്ചി വേദിയാകുന്നു. “കരൾരോഗശാസ്ത്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നു” എന്നതാണ് ഇത്തവണത്തെ പ്രമേയം. ഓഗസ്റ്റ് 7 മുതൽ 10 വരെ ലെ മെരിഡിയനിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദേശീയ അന്തർദേശീയതലത്തിൽ നിന്നുള്ള വിദഗ്ദരായ ഇരുന്നൂറോളം പാനൽ അംഗങ്ങളും 1500ലധികം കരൾരോഗ ചികിത്സയിലെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ആദ്യമായി ഐ.എൻ.എ.എസ്.എലിന് വേദിയാകുന്നതിലൂടെ കേരളത്തിലെ കരൾരോഗ ചികിത്സാ രംഗത്തും വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്ററോളജിയുടെ കേരള ചാപ്റ്റർ, കൊച്ചിൻ ഗട്ട് ക്ലബ്, കൊച്ചിൻ ലിവർ ക്ലബ്, കൊച്ചി ലിവർ ട്രാൻസ്പ്ലാന്റേഷൻ സൊസൈറ്റി എന്നിവർ സംയുക്തമായാണ് ഐ.എൻ.എ.എസ്.എൽ 2024 സംഘടിപ്പിക്കുന്നത്. കരൾരോഗങ്ങളെയും ചികിത്സയെയും സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ സമഗ്രമായി ചർച്ച ചെയ്യപ്പെടുന്ന വേദിയാകും സമ്മേളനം. ഈ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന നൂതനമാറ്റങ്ങളും അവതരിപ്പിക്കും.

ജപ്പാൻ, അമേരിക്ക, കാനഡ, ഡെൻമാർക്ക്‌, ബെൽജിയം, ഇറ്റലി, ശ്രീലങ്ക, സിംഗപ്പൂർ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിഖ്യാത വിദഗ്ധർ സമ്മേളനത്തിൽ സംസാരിക്കും. പ്ലീനറി സെഷൻ, യങ്‌ ഇൻവെസ്റ്റിഗേറ്റർ സെഷൻ, പോസ്റ്റർ സെഷൻ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 65ഓളം പ്രബന്ധങ്ങളും അവതരിപ്പിക്കും.

പ്രവചിക്കാവുന്നതും പ്രതിരോധിക്കാവുന്നതുമായ കരൾ രോഗങ്ങൾ, കരൾ മാറ്റിവെയ്ക്കൽ, മദ്യപാനവുമായി ബന്ധപ്പെട്ട കരൾ രോഗങ്ങൾ, വൈറൽ ഹെപ്പറ്റൈറ്റിസ്, കരൾ രോഗങ്ങൾ കാരണം ദഹനപ്രക്രിയയിലുണ്ടാകുന്ന തകരാറുകൾ, വൃക്കകൾക്കുണ്ടാകുന്ന ഗുരുതര പ്രശ്നങ്ങൾ, വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുന്ന സാഹചര്യം, ഓട്ടോഇമ്മ്യൂൺ കരൾ രോഗങ്ങൾ എന്നിങ്ങനെ സുപ്രധാനമായ നിരവധി വിഷയങ്ങൾ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കരൾരരോഗ ചികിത്സയിലെ ഓരോ രോഗസാഹചര്യങ്ങളും പ്രത്യേകം പരിശോധിച്ചുള്ള ചർച്ചകളും ചികിത്സയിലെ അത്യാധുനിക കണ്ടുപിടുത്തങ്ങളും പ്രധാന വിഷയമാണ്. ഏറ്റവും പുതിയ കരൾരോഗ ചികിത്സാമാർഗങ്ങളായിരിക്കും സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രമെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ മുതിർന്ന കരൾരോഗ വിദഗ്ധൻ ഡോ. ചാൾസ് പനക്കൽ പറഞ്ഞു. ഐ.എൻ.എ.എസ്.എൽ 2024 ന്റെ സംഘാടക സെക്രട്ടറിയാണ് അദ്ദേഹം. കരൾരോഗങ്ങളെ കുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾക്കും പുതിയ ചികിത്സാരീതികൾ അവലംബിക്കുന്നതിനും സമ്മേളനം ഉണർവുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് കരൾ രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള ഒരു സാമൂഹികപദ്ധതിയെന്ന നിലയിൽ “വെൽകോൺ” എന്ന പ്രത്യേക കൺവെൻഷനും നടക്കും. കരളിനെ കുറിച്ചുള്ള വസ്തുതകളും തെറ്റിദ്ധാരണകളും കൺവെൻഷൻ വിശകലനം ചെയ്യും. പൊതുജനങ്ങൾക്ക് സൗജന്യമായി സമ്മേളനത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 7ന് രാവിലെ 9:30 നും 12:30നും ഇടയിൽ കൊച്ചി ലെ മെരിഡിയനിലുള്ള സി.എസ്.എം ഹാളിൽ എത്തണം.

https://docs.google.com/forms/d/e/1FAIpQLScH56cntOpyiLd6Y3tcDDXvxTwiKZV1pSuX_d2HHQAjfCuazQ/viewform എന്ന ലിങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.

സമ്മേളനത്തിന്റെ ഭാഗമായി കൊച്ചിയിലെ സ്‌കൂളുകളിൽ കരളിന്റെ ആരോഗ്യത്തെ കുറിച്ചുള്ള പ്രത്യേക ബോധവത്കരണക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കും. കരൾരോഗ വിദഗ്ധരും നുട്രീഷനിസ്റ്റുകളും ഉൾപ്പെടെയുള്ളവർ ക്‌ളാസുകൾ നയിക്കും. കരളിന്റെ ആരോഗ്യത്തെക്കുറിച്ചും സാധാരണ കണ്ടുവരുന്ന കരൾ രോഗങ്ങളെക്കുറിച്ചും അവയ്ക്കുള്ള പ്രതിരോധമാർഗങ്ങളെക്കുറിച്ചും കുട്ടികൾക്കും കൗമാരക്കാർക്കുമിടയിൽ അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം.

ഐ.എൻ.എ.എസ്.എൽ 2024 ന്റെ സംഘാടക അധ്യക്ഷൻ ഡോ. ജി.എൻ. രമേശ് (സീനിയർ കൺസൽട്ടന്റ്, ഗ്യാസ്‌ട്രോഎന്ററോളജി, ആസ്റ്റർ മെഡ്‌സിറ്റി), സംഘാടക സെക്രട്ടറി ഡോ. ചാൾസ് പനക്കൽ (സീനിയർ കൺസൽട്ടൻറ്, ഹെപറ്റോളജി, ആസ്റ്റർ മെഡ്‌സിറ്റി), ഐ.എം.എ റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ എന്നിവർ, എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന മാധ്യമസമ്മേളനത്തിൽ സംസാരിച്ചു.

സമ്മേളനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.inasl2024kochi.com സന്ദർശിക്കാം.

Media Contact: Joseph Christy | PR 360 | +91 96331 06963

Trending

No stories found.

Latest News

No stories found.