വയനാട്: വയനാട് രക്ഷാദൗത്യത്തിൽ സൈന്യത്തെ പ്രശംസിച്ച് കത്തയച്ച മൂന്നാം ക്ലാസുകാരന് നന്ദി പറഞ്ഞ് ഇന്ത്യൻ ആർമി. മൂന്നാം ക്ലാസുകാരൻ റയാനാണ് സൈന്യം നന്ദി അറിയിച്ചത്.
''റയാന്റെ ഹൃദയംഗമമായ വാക്കുകൾ ആഴത്തിൽ സ്പർശിച്ചു. റയാൻ യൂണിഫോം ധരിച്ച് ഞങ്ങളോടൊപ്പം നിൽക്കുന്ന ദിവസത്തിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു''- എന്നാണ് ഇന്ത്യൻ ആർമി സതേൺ കമാൻഡ് എക്സിൽ കുറിച്ചത്.
''വയനാട്ടിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടുപോയ കുറേ ആളുകളെ നിങ്ങൾ രക്ഷിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങൾ ബിസ്കറ്റും വെള്ളവും കുടിച്ച് മാത്രം പാലം പണിയുന്നത് കണ്ടപ്പോൾ അഭിമാനമായി. ഞാനും വലുതായിട്ട് ആർമിയിൽ ചേരും, നാടിനെ രക്ഷിക്കും'' -എന്നായിരുന്നു റയാന്റെ കത്ത്.