തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയായാണ് കേരള പോലീസ് പൊതുവേ അംഗീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ കേരളാ പൊലീസിന്‍റെ 68-ാ മത് രൂപീകരണ വാർഷികദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനവും 2024ലെ മികച്ച സേവനം നടത്തിയ 264 പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മെഡലുകളുടെ വിതരണവും നടത്തുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസ് സംവിധാനത്തിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായ ഘട്ടമാണ് കഴിഞ്ഞ എട്ടര വർഷക്കാലത്തെ ഭരണം. ഇക്കാലയളവിൽ രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് കേരളാ പോലീസിനെ പരിവർത്തിപ്പിക്കാൻ സാധിച്ചു. കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന്‍റെ സംരക്ഷണം ഉറപ്പാക്കാൻ പൊലീസിനെ ഫലപ്രദമായി ഉപയോഗിച്ചു.
വർഗീയ സംഘർഷങ്ങൾ ഒന്നും തന്നെ കഴിഞ്ഞ എട്ടര വർഷത്തിനിടെ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ആർക്കും ഏത് സമയവും ആശ്രയിക്കാവുന്ന, പ്രശ്നപരിഹാരത്തിനായി നിർഭയമായി കടന്നുചെല്ലാവുന്ന ഇടമായി കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ മാറി. സംസ്ഥാനത്തെ ഭൂരിപക്ഷം പൊലീസ് സ്റ്റേഷനുകളും വനിതാ – വയോജന - ശിശുസൗഹൃദമായതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.
കുറ്റാന്വേഷണത്തിൽ ആധുനിക സാങ്കേതികവിദ്യ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്ന സേനയും കേരളാ പൊലീസാണ്. ഇന്‍റർനെറ്റും ഫൈബർ കണക്റ്റിവിറ്റിയും ഇല്ലാത്ത ഒറ്റ പൊലീസ് സ്റ്റേഷനും നിലവിൽ കേരളത്തിലില്ല. ഭീകരാക്രമണത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകളെ നിശ്ചലമാക്കാനുള്ള തൂതനസാങ്കേതികവിദ്യ വരെ ഇന്ന് കേരളാ പൊലീസിനുണ്ട്. സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ രംഗത്ത് കേരളാ പോലീസ് ആർജിച്ച മികവിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഗ്രൗണ്ടിൽ നടന്ന പൊലീസ് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബും മറ്റു ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന, കെഎപി II ബറ്റാലിയൻ അസിസ്റ്റന്‍റ് കമാൻഡന്‍റ് വി. പ്രമോദ് തുടങ്ങിയവർ പരേഡിന് നേതൃത്വം നൽകി.