ഡബ്ല്യുസിസിയെ ( വിമണ്‍ ഇന്‍ സിനിമാ കലക്റ്റീവ്) തള്ളിപ്പറയാനല്ല ശ്രമിച്ചതെന്ന് നടന്‍ ഇന്ദ്രന്‍സ്. അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടുവെന്നും ഇന്ദ്രന്‍സ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ഡബ്ല്യുസിസി ഇല്ലായിരുന്നെങ്കില്‍ അക്രമിക്കപ്പെട്ട നടിയെ കൂടുതല്‍ പേര്‍ പിന്തുണക്കുമായിരുന്നെന്നും, ദിലീപ് കുറ്റക്കാരനാണെന്നു കരുതുന്നില്ലെന്നുമായിരുന്നു ഇന്ദ്രന്‍സിന്‍റെ പരാമര്‍ശം. ഈ പരാമര്‍ശത്തില്‍ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇന്ദ്രന്‍സ് വിശദീകരണം നല്‍കിയിരിക്കുന്നത്.
ഇന്ദ്രന്‍സിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം :-
കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല. ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്‍റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്.
മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്‍റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.എല്ലാവരോടും സ്‌നേഹം
ഇന്ദ്രന്‍സ്.