ഏബിൾ അലക്സ്
കോതമംഗലം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തുവിട്ടഡ അഞ്ചാം കരട് വിജ്ഞാപന ഭൂപടത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി വാർഡും. എറണാകുളം ജില്ലയിൽ പശ്ചിമഘട്ടത്തിൽ ഉൾപ്പെട്ടുപോയിട്ടുള്ള ഒരേയൊരു വില്ലേജാണ് കുട്ടമ്പുഴ. സർക്കാർ നിർദേശ പ്രകാരം അതിർത്തി നിർണയത്തിന്‍റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ കഴിഞ്ഞ മേയ് മാസം തയാറാക്കിക്കൊടുത്ത പ്രാദേശിക ഭൂപടങ്ങൾ അടങ്ങുന്ന നിർദേശങ്ങൾ (ഷേപ്പ് ഫയലുകൾ) കേന്ദ്രം പൂർണമായി പരിഗണിക്കാതെയാണ് ഇ പ്പോൾ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
2022ൽ സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പ് തയാറാക്കിയ ഭൂപടത്തിൽ കുട്ടമ്പുഴ വില്ലേജിലെ വടാട്ടുപാറ ഒന്നു മുതൽ അഞ്ചു വരെയുള്ള വാർഡുകളും, ആറാം വാർഡായ കല്ലേലിമേടും, ഇഞ്ചത്തൊട്ടിയും ഉൾപ്പെട്ടിരുന്നു.
എന്നാൽ പുതിയ വിജ്ഞാപനത്തിൽ ഇഞ്ചത്തൊട്ടി വാർഡ് പൂർണമായി ഉൾപ്പെടുത്തി മറ്റ് പ്രദേശങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്. പുതിയ വിജ്ഞാപനം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിരിക്കുകയാണ്. തട്ടേക്കാട് പക്ഷിസങ്കേതം നിലവിൽ വന്നപ്പോൾ അതിർത്തിക്കുള്ളിൽപ്പെടുത്തിയ ഒമ്പത് ചതുരശ്ര കിലോമീറ്റർ ഒഴിവാക്കിയെടുക്കാൻ 2020 മുതൽ കോതമംഗലം രൂപതയും, കിഫ അടക്കമുള്ള കർഷക സംഘടനകളും ശക്തമായി സമരമുഖത്തുണ്ടായിരുന്നു.
തുടർന്ന് സർക്കാർ പക്ഷിസങ്കേതത്തിനകത്തുണ്ടായിരുന്ന ഒമ്പത് ചതുരശ്ര കിലോമീറ്റർ ജനവാസമേഖല പൂർണമായി ഒഴിവാക്കുന്നതിനും ഒഴിവാക്കപ്പെടുന്ന പ്രദേശത്തിന് പകരമായി മൂന്നാർ വനം ഡിവിഷനിലെ നേര്യമംഗലം റേഞ്ചിൽപ്പെട്ട 10.1694 ചതുരശ്ര കിലോമീറ്റർ സങ്കേതത്തോട് കൂട്ടിച്ചേർക്കാനും 2024 ജനുവരി 25ന് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന് ശുപാർശയും നൽകിയിട്ടുണ്ട്. അങ്ങനെ കൂട്ടിച്ചേർക്കപ്പെടുന്ന പ്രദേശങ്ങളിൽ ഉൾപ്പെടുന്നതോടെ ഇഞ്ചത്തൊട്ടി വാർഡ് തട്ടേക്കാട് പക്ഷിസങ്കേതത്തിന്‍റെ ഭാഗമായി മാറുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് പുതിയ പശ്ചിമഘട്ട വിജ്ഞാപനത്തിൽ ഇഞ്ചത്തൊട്ടി വാർഡ് പൂർണമായി ഉൾപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്തിലെ ജനവാസ മേഖലയും, കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ട്, ജനകീയപങ്കാളിത്തത്തോടെ മുൻപ് തയാറാക്കി കൊടുത്തിട്ടുള്ള ഭൂപടങ്ങൾ (കെഎംഎൽ ഫയൽ, കീഹോൾ മാർക്കപ് ലാംഗ്വേജ്) കരട് വിജ്ഞാപനത്തിന്‍റെ ഭാഗമാക്കി പ്രസിദ്ധീകരി ക്കുന്നതിനുള്ള നടപടികൾ കാലാവസ്ഥാ വ്യതിയാന വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും മറ്റ് ജനപ്രതിനിധികളും അടിയന്തരമായി സ്വീകരിക്കണമെന്ന് കിഫ എറണാകുളം ജില്ലാ പ്രസിഡന്‍റ് സിജുമോൻ ഫ്രാൻസിസ് ആവശ്യപ്പെട്ടു. കൃഷിസ്ഥലങ്ങളും ജനവാസമേഖലയും പൂർണമായി പരിസ്ഥിതി ലോല പരിധിയിൽ നിന്നും ഒഴിവാക്കുമെന്ന് സർക്കാർ പലതവണ പറഞ്ഞിരുന്നെങ്കിലും വിജ്ഞാപനത്തിൽ അതൊന്നും പ്രതിഫലി ച്ചിട്ടില്ലെന്ന് പൂയംകുട്ടി സെന്‍റ് ജോർജ് പള്ളി വികാരി ഫാ. ജോസ് ചിരപ്പറമ്പിൽ പറഞ്ഞു.
പശ്ചിമഘട്ട പ്രഖ്യാപനത്തിൽ ഒരുജനവാസ മേഖലയും ഉൾപ്പെടുത്താൻ അനുവദിക്കില്ലന്നും കരട് വിജ്ഞാപനപ്രകാരം സമയപരിധിക്കുകളിൽ തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ പരാതികൾ നൽകുന്നതിനായി പഞ്ചായത്തിൽ കോ ഓർഡിനേഷൻ കമ്മിറ്റി ചേരുമെന്നും ഫാ. ജോസ് ചിരപ്പറമ്പിൽ അറിയിച്ചു.