ബംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ ഞായറാഴ്ച 13-ാം നാളും തുടരുന്നു. ഈശ്വർ മാൽപെയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സംഘം ഇന്നും പുഴയിലറങ്ങും. തെരച്ചില്‍ ദുഷ്കരമാക്കി ഇന്നും പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. എന്നാൽ നിലവിൽ കാലാവസ്ഥാ അനുകൂലമെന്നും അടിയൊഴുക്കിന് നേരിയ കുറവുണ്ടെന്നും ഈശ്വര്‍ മല്‍പെ അറിയിച്ചു.
അര്‍ജുന് വേണ്ടിയുള്ള ഗംഗാവാലി പുഴയിലെ തിരച്ചില്‍ അപകടകരമായ ദൗത്യമെന്നും സ്വന്തം റിസ്കിലാണ് പുഴയില്‍ ഇറങ്ങുന്നതെന്നും പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. അതിശക്തമായ അടിയൊഴുക്കുണ്ട്. വെള്ളത്തില്‍ മുങ്ങുമ്പോള്‍ ഒന്നും കാണാന്‍ കഴിയുന്നില്ല. കണ്ണ് കെട്ടി ഇറങ്ങുന്നതുപോലെയാണ്. അതിശക്തമായ അടിയൊഴുക്കുണ്ട്. ഇതുവരെ ട്രക്ക് കാണാനായിട്ടില്ല. എന്നിരുന്നാലും ഇന്ന് വീണ്ടും മുങ്ങി ട്രക്ക് കണ്ടെത്താൻ ശ്രമിക്കും.തിരച്ചിലിന് താന്‍ ഇന്നും പുഴയില്‍ ഇറങ്ങും.അര്‍ജുന് വേണ്ടി സാധ്യമായതെല്ലാം ചെയ്യും. നദിയില്‍ ഇറങ്ങുന്നത് സ്വന്തം റിസ്‌കില്‍ ആണെന്ന് എഴുതിയ കത്ത് പൊലീസിന് കൈമാറിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.