ബി.എസ്.എൻ.എല്ലിൻ്റെ നില നാളെ കെ.എസ്.ഇ.ബിയ്ക്കും ഉണ്ടാകില്ലെന്ന് പറയാനാവില്ല; എ. വിജയരാഘവൻ

രാജ്യത്ത് അതിലും വലിയ അഴിമതിയാണ് നടക്കുന്നത്. എന്നാൽ , ഈ അഴിമതി നടക്കുന്ന സ്ഥലങ്ങളിൽ മാധ്യമങ്ങൾ എത്തില്ല
എ. വിജയരാഘവൻ
എ. വിജയരാഘവൻ
Updated on

കോട്ടയം: ഇന്ത്യയിൽ ബി.എസ്.എൻ.എല്ലിന് ഉണ്ടായ സ്ഥിതി നാളെ കെ.എസ്.ഇ.ബി യ്ക്ക് ഉണ്ടാകില്ലെന്ന് പറയാനാവില്ലെന്ന് മുൻ എം.പി എ.വിജയരാഘവൻ. പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളാണ് ഇപ്പോൾ ബി.എസ്.എൻ.എൽ അനുഭവിക്കുന്നത്. നാളെ ഇത് കെ.എസ്.ഇ.ബി യ്ക്കും ഉണ്ടാകാം. ഇത് മാധ്യമങ്ങൾ കാണുന്നതേയില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന വൈദ്യുതി മേഖല - പ്രതിസന്ധിയും പ്രതിരോധവും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങൾ കരിവന്നൂർ ബാങ്കിന് മുന്നിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി ഈ ബാങ്കിലാണ് നടന്നതെന്ന രീതിയിലാണ് പ്രചരണം നടക്കുന്നത്. ഒരു ചെറിയ സഹകരണ ബാങ്കിൽ ക്രമ വിരുദ്ധമായ ചില പ്രവർത്തനങ്ങൾ നടന്നു. ഇതിനെ പർവതീകരിച്ച് കാണിക്കുകയാണ്. രാജ്യത്ത് അതിലും വലിയ അഴിമതിയാണ് നടക്കുന്നത്. എന്നാൽ , ഈ അഴിമതി നടക്കുന്ന സ്ഥലങ്ങളിൽ മാധ്യമങ്ങൾ എത്തില്ല. ഈ രാജ്യം തകർക്കുന്നവർക്ക് പൂർണ സംരക്ഷണമാണ് മാധ്യമങ്ങൾ നടത്തുന്നത്. ഈ സാഹചര്യത്തിൽ സാധാരണക്കാരും അഴിമതി - വർഗീയ വിരുദ്ധരുമായ ജനങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ഹരികുമാർ മോഡറേറ്ററായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് ഡോ. എം.ജി സുരേഷ് കുമാർ, സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ അംഗം ബി. പ്രദീപ്, സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് ഡെവലപ്മെന്റ് ചെയർമാൻ പ്രൊഫ. വി.കെ ദാമോദരൻ, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ അസി.സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വടക്കൻ മേഖലാ സെക്രട്ടറി ശ്രീലാകുമാരി എ.എൻ സ്വാഗതവും, സെക്രട്ടറി എൻ. നന്ദകുമാർ നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.