ഇടുക്കി: ഇടുക്കിയിൽ കുട്ടികർഷകരായ മാത്യുവിന്‍റേയും ജോർജിന്‍റേയും പതിമൂന്നു പശുക്കൾ വിഷബാധയേറ്റ് ചത്ത സംഭവത്തിൽ സഹായ ഹസ്തവുമായി മന്ത്രിമാരായ കെ. ചിഞ്ചുറാണിയും , റോഷി അഗസ്റ്റിനും. മാത്യുവിന്‍റേയും ജോർജിന്‍റേയും വീട്ടിലെത്തിയ മന്ത്രിമാർ ഇവർക്ക് അഞ്ചു പശുക്കളെ നൽകാമെന്ന് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇൻഷുറൻസ് ചെയ്ത പശുക്കളെ നൽകുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
3 പശുക്കളെ ദുരിതാശ്വാസ നിധിയിൽ നിന്ന് 15000 വീതമുള്ള ധനസഹായവും കേരള ഫിഡ്സിന്‍റെ ഒരു മാസത്തെ കാലിത്തീറ്റയും കൂടാതെ മിൽമയുടെ ഭാഗത്തു നിന്നും സഹായമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തുടർന്നു കൃഷിയുമായി മുന്നോട്ടു പോവാനുള്ള എല്ലാ സഹായവും സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാവുമെന്നും മന്ത്രി കുടുംബത്തിന് ഉറപ്പു നൽകി. കൂടാതെ കൃഷി വിപുലീകരിക്കുന്നതിനുള്ള നിർദേശങ്ങളും മന്ത്രി മാത്യുവിന് നൽകി.
അതേസമയം, കുടുംബത്തിന് ആശ്വസമായി നടൻ ജയറാമും രംഗത്തെത്തി. മാത്യുവിന്‍റേയും ജോർജിന്‍റേയും വീട്ടിൽ നേരിട്ടെത്തിയ ജയറാം നേരിട്ടെത്തി 5 ലക്ഷം രൂപ ധന സഹായം നൽകി.
ഞായറാഴ്ച വൈകിട്ടാണ് തീറ്റയായി നൽകിയ കപ്പത്തൊലിയിൽ നിന്നും വിഷബാധയേറ്റാണ് കറവയുള്ള പശുക്കളടക്കം പതിമൂന്ന് പശുക്കൾ ചാവുന്നത്. പശുക്കളെ ഇൻഷുറൻസ് ചെയ്തിരുന്നില്ല. പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടായതാണ് പ്രാഥമിക വിലയിരുത്തൽ.