കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്ന് താരസംഘടന അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജഗദീഷ്. സമഗ്രമായ അന്വേഷണം വേണം. വേട്ടക്കാരുടെ പേര് എന്തിന് ഒഴിവാക്കിയെന്നും ആരോപിതർ അഗ്നിശുദ്ധി വരുത്തട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഇതിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ല. വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിലും അതിനെക്കുറിച്ച് അന്വേഷിക്കണം. അല്ലാതെ ആരാണത് പറഞ്ഞതെന്നല്ല തിരിക്കേണ്ടത്. ഇതിനെയൊന്നും ഒറ്റപ്പെട്ട സംഭവമെന്ന് വിലയിരുത്തി തള്ളിക്കളയാനാവില്ലെന്നും ജഗദീഷ് പറഞ്ഞു.
പല തൊഴിലിടങ്ങളിലും ഇങ്ങനെയല്ലെയെന്ന ചോദ്യം അപ്രസക്തമാണ്. ഇത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. നാളെയും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവരുത്. അതിനാണ് നാം ശ്രമിക്കേണ്ടത്. റിപ്പോർട്ടിലെ കാര്യങ്ങളെ സമാന്യവത്ക്കരിക്കരുത്. മാത്രമല്ല, മലയാള സിനിമയിലെ വിജയിച്ച നടനോ നടിയോ മോശം വഴിയിലൂടെ വന്നവരാണെന്ന വ്യാഖ്യാനങ്ങൾ തെറ്റാണ്. അത്തരത്തിലൊരു കാര്യം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കിലത് വേദനയുണ്ടാക്കുന്നതാണെന്നും ജഗദീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
റിപ്പോർട്ടിലെ ചില പേജുകൾ എന്തിന് മാറ്റിയെന്നതിൽ വിശദീകരണം നൽകേണ്ടത് സർക്കാരാണ്. ഇരകളുടെ പേര് ഒഴിവാക്കാം. എന്നാൽ വേട്ടക്കാരുടെ പേര് മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ല. കോടതിയിൽ സമർപ്പിച്ച പൂർണ റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കണം. കോടതി എന്ത് തീരുമാനമെടുക്കുന്നോ അതിനോട് പൂർണമായും യോജിക്കും. ആരോപണ വിധേയരുടെ പേരുകൾ പുറത്തു വിടുന്നതിനോട് എതിർപ്പില്ല. അത് തെറ്റുധാരണകളെ മാറ്റാനെ സഹായിക്കൂ.
പവർ ഗ്രൂപ്പെന്നത് ആലങ്കാരികമായി ഉപയാഗിച്ച ഒരു പദമാണെന്നാണ് വിചാരിക്കുന്നത്. സിനിമ മേഖലയെ സ്വാധീനിക്കുന്ന അല്ലെങ്കിൽ നിയന്ത്രിക്കുന്ന ഒരു കൂട്ടം ആളുകളെന്നാവാം അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മാഫിയ ഉണ്ടെന്ന് കരുതുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി.