കണ്ണൂർ: ജയരാജന്റെ ഭീഷണി പ്രസംഗത്തിനെതിരേ യുവമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടി സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം."നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനു നേരെ കൈയോങ്ങിക്കഴിഞ്ഞാൽ യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന്' സിപിഎം സംസ്ഥാന സമിതി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജൻ പ്രസംഗിച്ചതിനെതിരെയാണ് പരാതി.
അതിനിടെ, "മോർച്ചറി യുവമോർച്ചക്കാർക്കു മാത്രമുള്ളതല്ലെന്ന് ജയരാജൻ ഓർക്കുന്നത് നല്ലതാണെന്നു' തിരിച്ചടിച്ച് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ. ജയരാജനെതിരേ കേസെടുക്കണമെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തുനിന്നു പുറത്താക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. വയസുകാലത്ത് ഉള്ള പരാധീനതകളുമായി വീട്ടിൽ അടങ്ങിയൊരുങ്ങിയിരിക്കുന്നതാണു നല്ലതെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭ സുരേന്ദ്രൻ.
ഗണപതി ഭഗവാനെയും പുഷ്പക വിമാനത്തെയും മറ്റു ചില ഹൈന്ദവ വിശ്വാസങ്ങളെയും വിമർശിച്ച് 21ന് കുന്നത്തുനാട് മണ്ഡലത്തിലെ പരിപാടിയിൽ ഷംസീർ നടത്തിയ പ്രസംഗം വലിയ ഒച്ചപ്പാടു സൃഷ്ടിച്ചിരുന്നു. ഷംസീറിന്റെ എംഎൽഎ ഓഫിസിലേക്ക് യുവമോർച്ച കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ് പ്രകോപനപരമായി പ്രസംഗിക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയായാണ് തലശേരിയിൽ ഇന്നലത്തെ ജയരാജന്റെ പ്രസംഗം. "സേവ് മണിപ്പുർ' മുദ്രാവാക്യവുമായി എൽഡിഎഫ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു വിശ്വാസത്തെ അപമാനിച്ചതിൽ മാപ്പു പറഞ്ഞില്ലെങ്കിൽ ഷംസീറിനെ തെരുവിൽ നേരിടുമെന്നായിരുന്നു കെ. ഗണേഷിന്റെ പ്രഖ്യാപനം. പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്നു കരുതരുതെന്നും ഗണേഷ് പ്രസംഗിച്ചിരുന്നു.വിശ്വഹിന്ദു പരിഷത്ത്, ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി, യോഗക്ഷേമ സഭ അടക്കമുള്ള സംഘടനകള്‍ ഷംസീറിനെതിരേ പ്രതിഷേധവുമായി രംഗത്തുണ്ട്. രാഷ്ട്രപതിക്കും ഗവർണർക്കും എല്ലാ പൊലീസ് സ്റ്റേഷനിലും ഷംസീറിനെതിരേ വിവിധ ഹിന്ദു സംഘടനാ പ്രതിനിധികള്‍ പരാതി നല്‍കിയിട്ടുമുണ്ട്.