കോട്ടയം: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് തിരുത്തലുകൾ ആവശ്യമാണെന്ന് തെളിയിക്കുന്നതാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം പി. കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായിട്ടുണ്ട്. ആ ജനവിധി മാനിക്കുന്നു ഉൾക്കൊള്ളുന്നു. ഇടതുപക്ഷത്തെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവർ അകന്നിട്ടുണ്ട്. അവരുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ സാധിച്ചിട്ടില്ല. അതിനാൽ തിരുത്തലുകൾ ആവശ്യമാണ്. എന്താണെന്ന് പരിശോധിച്ച് തിരുത്തലുകൾ വരുത്തണം. കൂടിയാലോചനകളിൽ കൂടി വേണം തിരുത്തൽ നടത്താനെന്നും ജോസ് കെ മാണി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പാലാ പ്രസംഗമാണോ തോമസ് ചാഴികാടന്റെ തോൽവിക്ക് കാരണമായത് എന്ന ചോദ്യത്തിന്, ഒരു പ്രസംഗം കൊണ്ട് ഒരാൾ തോൽക്കും എന്ന് കരുതുന്നില്ല എന്നായിരുന്നു എം പിയുടെ മറുപടി. ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം ഉണ്ട് എന്നതാണ് പാർട്ടി നിലപാട്. വിജയത്തിലെന്നപോലെ പരാജയത്തിലും എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താതെ ഇടതുമുന്നണിയെ കുറ്റപ്പെടുത്തിയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. അതേസമയം മുഖ്യമന്ത്രിയുടെ പാലായിലെ പ്രസംഗമാണ് തന്റെ തോൽവിക്ക് കാരണമെന്ന് കോട്ടയം മണ്ഡലത്തിൽ പരാജയം ഏറ്റുവാങ്ങിയ തോമസ് ചാഴികാടൻ കേരള കോൺഗ്രസ് എം പാർട്ടി ഉന്നതാധികാര സമിതി യോഗത്തിൽ വിമർശനം ഉന്നയിച്ചിരുന്നു.