'ചെ ഗുവേര കഞ്ചാവ് വലിയുടെ ഉസ്താദ്'; വിവാദമായി ജോയ് മാത്യുവിന്‍റെ കുറിപ്പ്

കമ്യൂണിസ്റ്റ് അനുഭാവികളെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്യൂബ സന്ദർശനത്തെയും ജോയ് മാത്യു പോസ്റ്റിലൂടെ പരോക്ഷമായി വിമർശിക്കുന്നുണ്ട്
'ചെ ഗുവേര കഞ്ചാവ് വലിയുടെ ഉസ്താദ്'; വിവാദമായി ജോയ് മാത്യുവിന്‍റെ കുറിപ്പ്
Updated on

തിരുവനന്തപുരം: അർജന്‍റീനിയൻ വിപ്ലവകാരി ഏണസ്റ്റേ ചെഗുവേരയുടെ ജന്മദിനത്തിൽ വിവാദ കുറിപ്പുമായി സംവിധായകൻ ജോയ് മാത്യു. ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം എന്നു തുടങ്ങുന്ന ഫെയ്സ് ബുക്ക് പോസ്റ്റിനു കീഴെ വിമർശനങ്ങൾ കുമിഞ്ഞു കൂടുകയാണ്.

കമ്യൂണിസ്റ്റ് അനുഭാവികളെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്യൂബ സന്ദർശനത്തെയും ജോയ് മാത്യു പോസ്റ്റിലൂടെ പരോക്ഷമായി വിമർശിക്കുന്നുണ്ട്. ചെയുടെ ജന്മനാട് ക്യൂബയിലാണെന്ന് ധരിച്ച് ചിലർ ക്യൂബയിലേക്ക് വണ്ടി കയറിയിട്ടുണ്ടെന്നും കുറിപ്പിൽ ഉണ്ട്.

ഇനി മുതൽ‌ തന്‍റെ പ്രൊഫൈൽ ആശാന്‍റെയായിരിക്കും എന്നു കുറിച്ചതിനു പിന്നാലെ ജോയ് മാത്യു ഫെയ്സ്ബുക്കിലെ മുഖ ചിത്രവും മാറ്റി. ഇപ്പോൾ‌ ചെ ഗുവേര ചുരുട്ട് വലിക്കുന്ന പ്രശസ്തമായ ചിത്രമാണ് ജോയ് മാത്യുവിന്‍റെ പ്രൊഫൈൽ പിക്ചർ.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം .വെറുതെയല്ല നമ്മുടെ നാട്ടിലെ വിപ്ലവയൗവ്വനങ്ങൾ കൊടിമുതൽ അടിവരെയുള്ള തുണികളിൽ "ചെ "യുടെ ചിത്രം വരച്ചുവെച്ചു പൂജിക്കുന്നത് ,ഞാനും ആ ലെവലിൽ ഉള്ള ആളാണെന്ന ധാരണയിൽ എന്റെ കമന്‍റ് ബോക്സിൽ വന്ന് കുറച്ചുകാലമായി കമ്മി കൃമികൾ കഞ്ചാവിന് വേണ്ടി വിലപിക്കുന്നത് !ആദ്യമൊന്നും എനിക്കത് മനസ്സിലായില്ല -ഉള്ളത് പറയാമല്ലോ പിള്ളേരെ സത്യമായും എന്‍റടുത്ത് കഞ്ചാവില്ല; ബിജയന്‍റെ വാറ്റെ ഉള്ളൂ.യുവജനചിന്തയിൽ ചെ ഗുവേര ജനിച്ചത് ക്യൂബയിലാണല്ലോ !അതും വിശ്വസിച്ച് ആരാണ്ടൊക്കെയോ ക്യൂബയിലേക്ക് വണ്ടികയറിയിട്ടുണ്ടന്നറിഞ്ഞു . കേരളത്തിന്‍റെ വ്യാവസായിക രംഗത്ത് വൻ വിപണന സാധ്യതയുള്ള "എന്തോ ഒന്ന് "കൊണ്ടുവരാനായിരിക്കും ഈ യാത്ര എന്നും പറഞ്ഞുകേൾക്കുന്നു .ആയതിനാൽ "സാധനം കയ്യിലുണ്ട് "എന്ന് ഒരു കോട്ടുധാരി ഉടനെ പറയും അതുവരെ കാപ്സ്യൂൾ കൃമികൾ അല്പം കാത്തിരിക്കൂ.ഇനി മുതൽ നിങ്ങൾക്ക് പ്രാർത്ഥിക്കാൻ എന്‍റെ പ്രൊഫൈൽ നമ്മുടെ ആശാന്‍റെ പടമായിരിക്കും കാപ്സ്യൂൾ കൃമികളായ എല്ലാം സഖാക്കളുടെയും നന്മക്കുവേണ്ടി.

Trending

No stories found.

Latest News

No stories found.