Kerala
കനാലിൽ കണ്ടെത്തിയ മൃതദേഹം ജോയിയുടേതു തന്നെ
46 മണിക്കൂർ നീണ്ട തെരച്ചിലും പ്രാർഥനകളും വിഫലം, കനാലിൽ കണ്ടെത്തിയ മൃതദേഹം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടേത്
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നുള്ള വെള്ളം ഒഴുകിച്ചേരുന്ന പഴവങ്ങാടി തകരപ്പറമ്പിൽ കനാലിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം ജോയിയുടേതു തന്നെ എന്നു സ്ഥിരീകരിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ജോയിയെ കാണാതായത്. അന്നു മുതൽ ആരംഭിച്ച തെരച്ചിൽ 46 മണിക്കൂർ പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെയും ആമയിഴഞ്ചാൻ തോട്ടിൽ ജോയിക്കു വേണ്ടി നാവിക സേനാ സംഘവും സ്കൂബ ഡൈവർമാരും തെരച്ചിൽ തുടരുന്നതിനിടെയാണ്, കനാലിൽ മൃതദേഹം കണ്ടതായി തിരുവനന്തപുരം സബ് കലക്റ്റർക്ക് അറിയിപ്പ് ലഭിക്കുന്നത്. ഇതെത്തുടർന്ന് കരയ്ക്കടുപ്പിച്ച മൃതദേഹം ജോയിയുടേതു തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.