സിദ്ധാർഥന്‍റെ മരണം; അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഗവർണർക്ക് കൈമാറി

സിദ്ധാര്‍ഥന്‍റെ മരണത്തെക്കുറിച്ച് അന്വേഷിച്ച സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു
js siddharth death investigation report submitted to governor
അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഗവർണർക്ക് കൈമാറി
Updated on

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളെജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണത്തില്‍ മുന്‍ വൈസ്ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥിന് വീഴ്ച്ച പറ്റിയെന്ന് ജുഡീഷ്യല്‍ റിപ്പോര്‍ട്ട്. സമയബന്ധിതമായി നടപടി എടുത്തില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ജസ്റ്റിസ് എ. ഹരിപ്രസാദ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി.

വിഷയത്തില്‍ സമയബന്ധിതമായി നടപടിയെടുക്കുന്നതില്‍ മുന്‍ വൈസ് ചാന്‍സലര്‍ പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. സിദ്ധാര്‍ഥനെ മര്‍ദിക്കുന്ന വിവരം അറിഞ്ഞിട്ടും തടയാനോ ചികിത്സ നല്‍കാനോ അധികൃതര്‍ തയാറായില്ല. ക്യാംപസില്‍ അരാജകത്വമാണെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യാംപസില്‍ അച്ചടക്കം നിലനിര്‍ത്തുന്നതില്‍ വലിയ വീഴ്ച സംഭവിച്ചു. സീനിയര്‍ വിദ്യാര്‍ഥികളാണ് ക്യാംപസ് ഭരിക്കുന്നത്. ഹോസ്റ്റല്‍ നിയന്ത്രിക്കുന്നതും ഇവരാണ്. മര്‍ദന വിവരം അറിഞ്ഞിട്ടും അസിസ്റ്റന്‍റ് വാര്‍ഡന്‍ നടപടി എടുത്തില്ല. അന്വേഷണം നടത്താനോ ചികിത്സ നല്‍കാനോ അസിസ്റ്റന്‍റ് വാര്‍ഡന്‍ തയാറായില്ല. സിദ്ധാര്‍ഥന്‍റെ മരണത്തിനു മുന്‍പും ക്യാംപസില്‍ റാഗിങ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചില്ല. മുന്‍ വിസിക്കും ഡീനിനും അധ്യാപകര്‍ക്കുമിടയില്‍ സഹകരണമുണ്ടായിരുന്നില്ല. അസി. വാര്‍ഡന്മാരെ ഉത്തരവാദിത്തം എല്‍പ്പിച്ച് ഡീന്‍ മാറിനിന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വകലാശാല അധികൃതരുടെ വീഴ്ചകള്‍ സിദ്ധാര്‍ഥന്‍റെ മരണത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് ബുധനാഴ്ച രാവിലെയാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. സര്‍വകലാശാല അധികൃതര്‍, സിദ്ധാര്‍ഥനെ ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍, മാതാപിതാക്കള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് ജസ്റ്റിസ് എ. ഹരിപ്രസാദ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ജസ്റ്റിസ് എ. ഹരിപ്രസാദ് അന്വേഷിച്ചത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ സംശയത്തിന് പിന്നാലെ റാഗിംഗ് സെല്‍ നടത്തിയ അന്വേഷണത്തിലാണ് സിദ്ധാര്‍ത്ഥ് ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് വൈസ് ചാന്‍സലറായിരുന്ന എം.ആര്‍. ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു.

അതേസമയം ജുഡീഷ്യല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിച്ചേക്കുമെന്നാണ് സൂചന. സിദ്ധാര്‍ഥന്‍റെ കുടുംബത്തിന്‍റെ ആവശ്യപ്രകാരം സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയിരുന്നു.അതേസമയം സിദ്ധാര്‍ഥന്‍റെ മരണം ഗുരുതര സംഭവമെന്ന് നിരീക്ഷിച്ച ഹൈക്കോടതി കര്‍ശന ഉപാധികളോടെ കേസിലെ 19 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. മരണത്തില്‍ ആത്മഹത്യാ പ്രേരണക്ക് പ്രഥമദൃഷ്ട്യാ മതിയായ തെളിവില്ലെന്നും ആത്മഹത്യാ പ്രേരണ ചെയ്യണമെന്ന പൊതു ഉദ്ദേശം പ്രതികള്‍ക്കില്ലെന്നും വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്‍ ഒഴിവാക്കിയ കുറ്റം വിചാരണയില്‍ പരിഗണിക്കേണ്ട വിഷയമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിക്കുമെന്ന ആക്ഷേപം പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കാന്‍ കാരണമല്ലെന്ന് നിരീക്ഷിച്ച കോടതി ജാമ്യത്തിന് കര്‍ശന നിബന്ധന ബാധകമാക്കുന്നത് സിബിഐയുടെ ആശങ്ക പരിഗണിച്ചാണെന്നും പൊതുബോധം മുന്‍നിര്‍ത്തി പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.