തൃശൂർ: കേരളീയം പരിപാടിയിൽ ആദിവാസികളെ ലിവിങ് മ്യൂസിയത്തിൽ പ്രദർശനവസ്തുക്കളാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ. രാധാകൃഷ്ണൻ. ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ലെന്നതാണ് തന്‍റെ അഭിപ്രായമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
ആദിവാസി ഗോത്രവിഭാഗങ്ങളെ പ്രദർശിപ്പിച്ചതിൽ വലിയ വിമർശനമാണ് സർക്കാരിനെതിരേ ഉയർന്നത്. പഴയ കാര്യങ്ങൾ കാണിക്കാനാണ് ഫോക് ലോർ അക്കാദമി ശ്രമിച്ചത്. താനത് കണ്ടിട്ടില്ല. നിരുപദ്രവകരമായിട്ടാണ് ചെയ്തത്. വിവിധ ഡിപ്പാർട്ടുമെന്‍റിന്‍റെ പ്രദർശനം ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട ഒന്നായിരുന്നു ഭക്ഷണ പ്രദർശനം. നല്ല പങ്കാളിത്തമുണ്ടായിരുന്നു. ആദിവാസി മരുന്ന്, വനവിഭവങ്ങൾ വിറ്റഴിക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.