സഭയിൽ നന്ദിപറഞ്ഞ് മന്ത്രി കെ. രാധാകൃഷ്ണൻ പടിയിറങ്ങി, ഇനി പാർലമെന്‍റിൽ

ആലത്തൂർ മണ്ഡലത്തിൽനിന്ന്‌ ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലായിരുന്നു വിടവാങ്ങൽ പ്രസംഗം
k radhakrishnan
k radhakrishnan
Updated on

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 11-ാം സമ്മേളനത്തിന്‍റെ മൂന്നാംദിനത്തിലെ സായാഹ്നം മന്ത്രി കെ. രാധാകൃഷ്ണന്‍റെ പടിയിറക്കത്തിനും സാക്ഷിയായി.

തന്നോടു കാണിച്ച സ്‌നേഹത്തിനും വിശ്വാസത്തിനും നന്ദി പറഞ്ഞ്‌ മന്ത്രി കെ.രാധാകൃഷ്‌ണന്‍റെ വിടവാങ്ങൽ പ്രസംഗം സഭ സാകൂതം കേട്ടിരുന്നു. ആലത്തൂർ മണ്ഡലത്തിൽനിന്ന്‌ ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലായിരുന്നു വിടവാങ്ങൽ പ്രസംഗം. ബുധനാഴ്‌ചത്തെ സമ്മേളനം അവസാനിക്കുന്ന വേളയിലാണ്‌ സ്‌പീക്കർ എ.എൻ ഷംസീർ സംസാരിക്കാനായി മന്ത്രി രാധാകൃഷ്‌ണനെ ക്ഷണിച്ചത്‌. രാജ്യത്തിനു മാതൃകയായ കേരള നിയമസഭയിൽ മഹാരഥന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത്‌ ഭാഗ്യമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു.

"1996 ലാണ്‌ ആദ്യമായി നിയമസഭയിലെത്തിയത്‌. നാലു തവണ തുടർച്ചയായും ഇടവേളയ്‌ക്കു ശേഷം 2021ലും സഭയിലെത്തി. 1996ൽ ആദ്യമായെത്തുമ്പോൾ ഇ.കെ. നായനാർ മന്ത്രിസഭയിൽ അംഗമായി. നിരവധി മഹാരഥന്മാർ അന്ന്‌ സഭയിലുണ്ടായി. അന്ന്‌ വൈദ്യുതി, സഹകരണ മന്ത്രിയായിരുന്നു പിണറായി വിജയൻ. 1056 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിച്ച്‌ കേരളത്തെ ഇരുട്ടിൽനിന്ന്‌ വെളിച്ചത്തിലേക്ക്‌ നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തിനു കീഴിൽ ഇപ്പോൾ മന്ത്രിയായിരിക്കാൻ കഴിഞ്ഞത്‌ ഭാഗ്യമായി കരുതുന്നു.

ഇന്ത്യൻ പാർലമെന്‍റിനുതന്നെ മാതൃകയാണ്‌ കേരള നിയമസഭ. വിജയിച്ച മറ്റ്‌ എംപിമാർക്കൊപ്പം ചേർന്ന്‌ കേരളത്തിന്‍റെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാൻ പാർലമെന്‍റിൽ പ്രവർത്തിക്കും. സഹപ്രവർത്തകരും ഉദ്യോഗസ്ഥരും തന്നിലർപ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി. എനിക്ക് എത്താൻ പറ്റാത്ത ഉയരത്തിലെത്തിക്കാൻ പാർട്ടി ഒരുപാട്‌ സഹായിച്ചു' രാധാകൃഷ്ണൻ പറഞ്ഞു.

പാർലമെന്‍ററികാര്യ മന്ത്രി എന്ന നിലയിൽ മികച്ച പിന്തുണയാണ്‌ നൽകിയതെന്നും പാർലമെന്‍റിലും കെ രാധാകൃഷ്‌ണന്‌ ശോഭിക്കാൻ കഴിയട്ടെ എന്നും സ്‌പീക്കർ ആശംസിച്ചു.

Trending

No stories found.

Latest News

No stories found.