പുതുവർഷ സമ്മാനമായി കെ-സ്മാര്ട്ട്; തദ്ദേശ സ്വയംഭരണ സേവനങ്ങൾ ഇനി ഒറ്റ ക്ലിക്കില്
#സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതുവർഷ സമ്മാനം കെ- സ്മാർട്ട് തയാറായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കയറിയിറങ്ങാതെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്ന കെ- സ്മാർട്ട് രാജ്യത്തു തന്നെ ആദ്യമായി കേരളത്തിലാണ് നടപ്പാക്കുന്നത്.
ജനന സർട്ടിഫിക്കറ്റു മുതൽ കെട്ടിട നിർമാണ പെർമിറ്റു വരെ ഈ സംയോജിത സോഫ്റ്റ്വെയറിലൂടെ ലഭിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൂർണമായും പേപ്പർരഹിതമായ സേവനങ്ങൾ ആദ്യഘട്ടത്തിൽ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും നടപ്പാക്കും. പദ്ധതി ഏപ്രിലോടെ പഞ്ചായത്തുകളിലുമെത്തും. ജനുവരി ഒന്നു മുതൽ പോർട്ടൽ നിലവിൽ വരും.
അന്നു രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ- സ്മാർട്ട് സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. കെ- സ്മാർട്ട് മൊബൈൽ ആപ്പ് മന്ത്രി പി. രാജീവ് പുറത്തിറക്കും.
ജനന- മരണ- വിവാഹ രജിസ്ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമാണ പെർമിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസൻസ്, അപേക്ഷകൾ, ബില്ലുകൾ എന്നിവയെല്ലാം ഇനി ഓൺലൈനായി ലഭിക്കും. മൊബൈൽ ഫോണുകളിൽ പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. know your land ഓപ്ഷനിലൂടെ സ്ഥലം നിലം, പുരയിടം തുടങ്ങിയവയാണോ, കെട്ടിട നിർമാണത്തിന് എത്ര ഉയരം വരെയാകാം എന്നിവയെല്ലാം അറിയാം.
ഒരേ സമയത്ത് എത്ര പേർക്ക് വേണമെങ്കിലും സൈറ്റിൽ പ്രവേശിക്കാം. പേയ്മെന്റ് ഗേറ്റ്വേയിലൂടെ യുപിഐ, ഡെബിറ്റ്- ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫീസുകളും ഓൺലൈനായിത്തന്നെ അടയ്ക്കാം.
കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാം. അവയുടെ സ്റ്റാറ്റസ് ഓൺലൈനായിത്തന്നെ അറിയാം.
അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെയോ അപേക്ഷകന്റെയോ ലോഗിനിലും വാട്സ്ആപ്പിലും ഇ- മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ പ്രത്യേക ഹെൽപ് ഡസ്കുകൾ തയാറാക്കും. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഇവിടെ സേവനം ലഭിക്കും. പിന്നീട് മൊബൈൽ ഫോണിനൊപ്പം അക്ഷയ -ജനസേവന കേന്ദ്രങ്ങൾ വഴിയും സേവനങ്ങൾ ലഭിക്കും.