''അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ'', കെ. സുധാകരന്‍

''ഇന്ത്യാമുന്നണിയുടെ ഭാഗമായിരിക്കെ മുഖ്യമന്ത്രി, രാഹുല്‍ ഗാന്ധിക്കെതിരേ നടത്തിയ ക്രൂരമായ പരാമര്‍ശങ്ങള്‍പോലും തിരുത്താന്‍ തയാറല്ല''
k sudhakaran against pinarayi vijayan
Pinarayi Vijayan |K Sudhakaran
Updated on

തിരുവനന്തപുരം: ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അണികള്‍ ചോരയും നീരയും നല്കി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്‍റെയും ഭരണത്തിന്‍റെയും തലപ്പത്തിരിക്കുന്നവര്‍ ചീഞ്ഞുനാറുന്നത് തിരുത്തല്‍ യജ്ഞക്കാര്‍ കണ്ടില്ലെന്ന് നടിച്ചെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ യഥാര്‍ത്ഥ പരാജയ കാരണങ്ങളിലേക്കു കടക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷണം ഒരുക്കാനുമാണ് തിരുത്തല്‍ യജ്ഞം നടത്തിയത്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ യഥാര്‍ത്ഥ തിരുത്തല്‍ പ്രക്രിയയ്ക്കു തുടക്കം കുറിക്കണമെന്നും അതു പിണറായിൽ നിന്നായിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

എല്‍ഡിഎഫിന്‍റെ ദയനീയ പരാജയത്തിന്‍റെ കാരണഭൂതന്‍ മുഖ്യമന്ത്രിയാണെന്ന് സിപിഐയുടെയും സിപിഎമ്മിന്‍റെയും ജില്ലാ യോഗങ്ങള്‍വരെ ചൂണ്ടിക്കാട്ടിയത് സംസ്ഥാന യോഗത്തിലേക്കു ചര്‍ച്ചയ്ക്കെടുക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എകെജി സെന്‍ററിനു കാവല്‍നിന്നു. മുഖ്യമന്ത്രിയെ കത്തുന്ന സൂര്യനെപ്പോലെ കരുതുന്ന ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എന്നതിനേക്കാള്‍ പിണറായി വിജയന്‍റെ പണപ്പെട്ടിയുടെ സൂക്ഷിപ്പുകാരന്‍ എന്ന നിലയിലേക്ക് തരംതാണു. പാര്‍ട്ടിയില്‍നിന്ന് അടപടലം വോട്ട് മറിഞ്ഞിട്ടും തിരുത്തലിനു തയാറാകാതെ കാരണഭൂതനെ കൈവിടാതെ ചുമക്കുന്നത് ലാഭവിഹിതം പങ്കുപറ്റിയവരാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഇന്ത്യാമുന്നണിയുടെ ഭാഗമായിരിക്കെ മുഖ്യമന്ത്രി, രാഹുല്‍ ഗാന്ധിക്കെതിരേ നടത്തിയ ക്രൂരമായ പരാമര്‍ശങ്ങള്‍പോലും തിരുത്താന്‍ തയാറല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിണറായിയെ പിന്തുണച്ച ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനിയെ വിവരദോഷിയെന്ന് പിണറായി വിജയന്‍ വിളിച്ചത് 19 സീറ്റില്‍ തോറ്റതിനു ശേഷമാണ്. ഇതേ രീതിയിലാണ് 99 സീറ്റില്‍ ജയിപ്പിച്ചുവിട്ട ജനങ്ങളോടുള്ള പെരുമാറ്റമെന്നും ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ സിപിഎമ്മിന്‍റെ ശവക്കുഴി തോണ്ടുമെന്നും സുധാകരന്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.