കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രൻ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. സുരേന്ദ്രൻ അടക്കം 6 പ്രതികളുടെ വിടുതൽ ഹർജി ഈ മാസം 25ന് പരിഗണിക്കും.
വിടുതൽ ഹർജി പരിഗണിക്കുമ്പോൾ സാധാരണ നിലയിൽ പ്രതികൾ ഹാജരാകേണ്ടതില്ലെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം തള്ളിയാണ് എല്ലാ പ്രതികളോടും ഹാജരാവാൻ നിർദേശിച്ചത്. കേസ് പരിഗണിച്ചിരുന്ന സമയങ്ങളിൽ ഒരിക്കൽ പോലും സുരേന്ദ്രൻ കോടതി ഹാജരായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി എന്നും ഭീഷണിപ്പെടുത്തിയും എന്നാണ് കേസ്. ഇക്കാര്യങ്ങൾ വെളിപ്പെടുത്തി സുന്ദര തന്നെ രംഗത്ത് വന്നതോടെ അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി.വി രമേശൻ്റെ പരാതിയിലാണ് കേസെടുത്തത്.