നീലേശ്വരം: വ്യാജ രേഖ കേസിൽ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മുൻ കൂർ ജാമ്യം തേടി കെ. വിദ്യ. കാസർഗോഡ് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. താൻ അവിവാഹിതയാണെന്നും ആ പരിഗണന നല്കണമെന്നും ജാമ്യാപേക്ഷയിൽ വിദ്യ ആവശ്യപ്പെടുന്നു. ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ലെന്നും ഹർജിയിലുണ്ട്. ജൂൺ 24 നാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുക.
അതേസമയം, അട്ടപ്പാടി കോളെജിൽ ജോലിക്കു വേണ്ടി വ്യാജ രേഖ ചമച്ചെന്ന കേസിൽ പ്രതിയായ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കെട്ടിച്ചമച്ച കേസാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വിദ്യ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
കേസെടുത്ത് 14 ദിവസങ്ങൾ പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താൻ അന്വേഷണ സംഘത്തിനായിട്ടില്ല.