കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പുതല അന്വേഷണം

ഇടതുപക്ഷ പ്രവര്‍ത്തകര്‍ തന്നെയാണ് വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ച് പ്രചരിപ്പിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
kafir screenshot: departmental investigation against dyfi leader ribesh
കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പുതല അന്വേഷണം
Updated on

തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവും ആറങ്ങോട്ട് എംഎല്‍പി സ്കൂള്‍ അധ്യാപകനുമായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യസ ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സര്‍വീസ് ചട്ടം ലംഘിച്ചു, മതസ്പര്‍ധ വളര്‍ത്തുന്ന രീതിയല്‍ പ്രവര്‍ത്തിച്ചുവെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫിലിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

എംഎസ്എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിന്‍റെ പേരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജയെ 'കാഫിര്‍' എന്നു വിളിച്ചു കൊണ്ടുള്ള സ്‌ക്രീന്‍ഷോട്ടാണ് പ്രചരിപ്പിച്ചത്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ തന്നെയാണ് വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ച് പ്രചരിപ്പിച്ചതെന്നും റെഡ് എന്‍കൗണ്ടേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പില്‍ നിന്നാണ് ഇത് മറ്റു ഗ്രൂപ്പുകളിലേക്ക് എത്തിയതെന്നും പോലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. റിബേഷാണ് ഇത് പോസ്റ്റ് ചെയ്തത്.

എവിടെ നിന്നാണ് സ്ക്രീന്‍ ഷോട്ട് കിട്ടിയതെന്ന് റിബേഷ് വ്യക്തമാക്കാത്തതിനാല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെ റിബേഷ് സര്‍വീസ് ചട്ടം ലംഘിച്ചെന്നും മതസ്പര്‍ധ വളര്‍ത്തുവിധം പ്രവര്‍ത്തിച്ചെന്നും ചൂണ്ടിക്കാട്ടി വി.പി.ദുല്‍ഫിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകുകയായിരുന്നു.

കാഫിര്‍' സ്‌ക്രീന്‍ ഷോട്ടിന്‍റെ ഉറവിടം കണ്ടെത്തണമെന്ന് ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ചോദ്യം ചെയ്യാത്തരെ ചോദ്യം ചെയ്യണമെന്നും അന്വേഷണത്തിന്‍റെ ദിശ സംബന്ധിച്ച് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ഏത് ദിശയില്‍ വേണമെങ്കിലും അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു.

Trending

No stories found.

Latest News

No stories found.