കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ പത്തു ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതി. ഡൊമിനിക് മാർട്ടിന്‍റെ വിദേശബന്ധങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നവംബർ 15 വരെ കസ്റ്റഡിയിൽ വിട്ടു കൊണ്ട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം ഉത്തരവിട്ടത്. പൊലീസ് ഉപദ്രവിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നും പൊലീസിനെതിരെ പരാതിയില്ലെന്നും ഇടപടലിന് നന്ദി പറയുന്നുവെന്നും ഡൊമിനിക് മാർട്ടിൻ കോടതിയിൽ പറഞ്ഞു. താൻ ആരോഗ്യവാനാണെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും പ്രതി വ്യക്തമാക്കി. അഭിഭാഷകൻ വേണ്ടെന്ന നിലപാട് ഇത്തവണയും പ്രതി ആവർത്തിച്ചു. സ്വയം കേസ് വാദിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്.
സ്ഫോടനത്തിനുപയോഗിച്ച വസ്തുക്കളെക്കുറിച്ചുള്ള വിശദാംശങ്ങളും പ്രതിയും സാമ്പത്തികാവസ്ഥയും സാങ്കേതിക പരിജ്ഞാനവും അടക്കമുള്ള വിഷയങ്ങളിലും വിദേശ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്താൻ സമയം വേണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിസിപി ശശിധരൻ കോടതിയെ അറിയിച്ചത്.
പത്ത് ഇടങ്ങളിൽ നിന്നായി തെളിവു ശേഖരിക്കേണ്ടതായുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതി അതീവ ബുദ്ധിശാലിയും കഠിനാധ്വാനിയുമാണെന്നും ഉയർന്ന ശമ്പളം വാങ്ങിയിരുന്ന ജോലിയാണ് ചെയ്തിരുന്നതെന്നും അത്തരത്തിലൊരാളെ ബ്രെയിൻ വാഷ് ചെയ്തതായി തോന്നുന്നില്ലെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തൽ.