കളമശേരി: കളമശേരി നിയമസഭാ മണ്ഡലത്തിൽ വ്യവസായ മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'കൃഷിക്കൊപ്പം കളമശേരി' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'കളമശേരി കാർഷികോത്സവ'ത്തിന്‍റെ സംഘാടക സമിതി രൂപീകരിച്ചു. കളമശേരി പ്രീമിയർ ജംഗ്ഷനിലെ ചാക്കോളാസ് പവലിയനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സെപ്തംബർ 7 മുതൽ 13 വരെയാണ് കാർഷികോൽസവം. കഴിഞ്ഞ വർഷം തുടക്കം കുറിച്ച കളമശേരി കാർഷികോത്സവത്തിന്‍റെ രണ്ടാം പതിപ്പാണിത്.
കാർഷികോൽപ്പന്ന പ്രദർശനവും വിപണനവും, കളമശേരി മണ്ഡലത്തിലെ വിവിധ കൃഷിയിടങ്ങളിലായി ഉൽപാദിപ്പിച്ച കാർഷികോൽപന്നങ്ങൾ വിൽപനക്കെത്തിക്കുന്ന നാട്ടുചന്ത, ഭക്ഷ്യമേള, സെമിനാറുകൾ, കാർഷിക കലാമേള, പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന കലാപരിപാടികൾ എന്നിവ കളമശേരി കാർഷികോൽസവത്തിൽ ഒരുക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പഞ്ചായത്തുകളിൽ 20 കർഷക സെമിനാറുകൾ സംഘടിപ്പിക്കും. സാംസ്കാരിക ഘോഷയാത്രയോടെയാണ് പരിപാടി ആരംഭിക്കുക. വ്യവസായം, ടൂറിസം, കൃഷി, സഹകരണം തുടങ്ങി വിവിധ വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും സ്റ്റാളുകൾ മേളയിലുണ്ടാകും. സഹകരണ ബാങ്കുകളുടെ സ്റ്റാളുകളും മേളയിൽ പങ്കെടുക്കും. കളമശേരി മണ്ഡലത്തിലെ കൃഷിയിടങ്ങളിൽ ഉൽപാദിപ്പിച്ച വിഭവങ്ങൾ വിൽപനക്കെത്തിക്കാൻ വഴിയൊരുക്കുന്ന നാട്ടുചന്തയാണ് മറ്റൊരു ആകർഷണം. സമീകൃതാഹാരം, ചക്ക, കിഴങ്ങ്, അരി - ഗോതമ്പ്, മില്ലറ്റ്, ആദിവാസി തനത് വിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേളയും സംഘടിപ്പിക്കും. മറ്റൊരാകർഷണമാണ്. കേരളത്തിന്റെ തനത് രുചകളെ പരിചയപ്പെടുത്തുന്ന ഭക്ഷണ വിഭവങ്ങളെല്ലാം ഭക്ഷ്യ മേളയിലുണ്ടാകും. കലാപരിപാടികളുമുണ്ടാകും. നെൽകർഷകർ, മത്സ്യ കർഷകർ, പഴം-പച്ചക്കറി- പൂ കർഷകർ, യുവ കർഷകർ, കുട്ടി കർഷകർ തുടങ്ങി വ്യത്യസ്ത മേഖലകളിലെ കർഷകർ പങ്കെടുക്കുന്ന സംഗമങ്ങളും നടക്കും. കാർഷികോത്സവത്തിൻ്റെ ഭാഗമായി പഞ്ചായത്ത് തലത്തിലും സഹകരണ സംഘങ്ങളുടെ തലത്തിലും സംഘാടക സമിതി രൂപീകരിക്കും.
വി. എം ശശി (ചെയർമാൻ), വിജയൻ പള്ളിയാക്കൽ (കൺവീനർ) എന്നിവർ ഭാരവാഹികളായി സംഘാടക സമിതിയെ തെരഞ്ഞെടുത്തു. സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി. ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി സുജിൽ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രമ്യ തോമസ്, നീറിക്കോട് സഹകരണ ബാങ്ക് പ്രസിഡന്‍റ് എം.കെ ബാബു, വി.എം.ശശി, സഹകരണ ജോയിന്‍റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസിസ്, വിജയൻ പള്ളിയാക്കൽ തുടങ്ങിയവർ സംസാരിച്ചു.